മുരുകൻ കാട്ടാക്കട – സൂര്യകാന്തിനോവ്‌

പാതി വിരിഞ്ഞൊരു പൂമൊട്ടു ഞാനെന്റെ
മോഹങ്ങള്‍ വാടി കരിഞ്ഞുപോയി
ഏതോ കരങ്ങളില്‍ ഞെങ്ങി ഞെരിഞ്ഞെന്റെ
ഓരോ ദലവും കൊഴിഞ്ഞുപോയി..

സൂര്യകാന്തിപൂവ് ഞാനെന്നുമെന്റയി
സൂര്യനെല്ലിക്കാട്ടിലേകയായി
പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
പേവിഷതുംബികള്‍ പാറിടുന്നു..

കരിന്തേളുകള്‍ മുത്തി മുത്തി കുടിക്കുവാന്‍
വെറുതെ ജനിച്ചതോ പെണ്‍ മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായി
കരയാന്‍ ജനിച്ചതോ പെണ്‍ മൊട്ടുകള്‍

പെണ്ണു പിഴച്ചതാണ് ഇല്ലവള്‍ക്കില്ല
മാനഭിമാനങ്ങള്‍ മാനനഷ്ടം
പന്നിയെപ്പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു
ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ ….

ഇരകള്‍ക്കു പിറകെ കുതിക്കുന്ന പട്ടികള്‍
പതിവായി കുരച്ചു പേയാടുന്ന സന്ധ്യകള്‍

കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും, പിന്നെ
ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും, മാധ്യമ
തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…

പതയുന്ന പരിഹാസ ലഹരികള്‍ക്കൊപ്പമാ
പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരുകണ്ടു

പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ
മനസിന്റെ ഉള്ളില്‍ കിനാക്കളില്ലോന്നുമില്ലാ
ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
ഉന്മാതനിന്നോന്നതങ്ങള്‍ തന്‍ കാന്തികള്‍

അമ്മയില്ല പെങ്ങളില്ല പിറക്കുന്ന
പെന്മക്കളില്ലയീ കെട്ടകാലങ്ങളില്‍
ഉള്ളതോ കൊത്തി കടിച്ചുകീറാനുള്ള
പച്ചമാംസത്തുണി കെട്ടുകള്‍ ചന്തകള്‍

പന്നിയെപ്പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു
ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ ….

ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
അണ്ടമാകാതെ അറം വന്നു പോകട്ടെ
അന്ധ-കാമാന്ധരി കശ്മലന്മാര്‍…

ഇത് വെറും നിസ്സ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഭലിക്കാനായി പാട്ടുകെട്ടുന്നു ഞാന്‍…

അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്..
അരുതെന്നവള്‍ കടാക്ഷം കൊണ്ടുചൊല്ലിയാല്‍
എരിയാത്തതായെത് പുരമുണ്ട് ധരണിയില്‍..

അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്..

പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്
നഷ്ടങ്ങളോന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്

പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
സമരസ്സാന്നിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
കനിവിന്നു കാവലായി കവിതയുണ്ട്…

ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട് ,
ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്

ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി ,
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി വന്നു
നിറയൂ പ്രപഞ്ചസാന്നിധ്യമായി ശക്തിയായ് …..

ആലാപനം‌: മുരുകന്‍ കാട്ടാക്കട
രചന: മുരുകന്‍ കാട്ടാക്കട

Advertisements

മുരുകന്‍ കാട്ടാക്കട –പക

ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു

തിരമുത്തമിട്ടോരു കരിമണൽ‌ തീരത്ത്-
വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു

പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

രാസതീർത്ഥം കുടിച്ചാമാശയം വീർത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികൾ‌

രാത്രികൾ‌ പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകൾ‌

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാർ‌മേഘമല്ല, കരിമ്പുകച്ചുരുളുകൾ‌

പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി.

കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌

പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സർ‌പ്പം‌

മഴയേറ്റു മുറ്റത്തിറങ്ങി നിൽ‌ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി

ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടൽ‌
കണ്ണീരിനുപ്പിൻ‌ ചവർപ്പിറക്കൂ

പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

ഇരുകൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്ന് മർത്യജന്മം‌

തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക..

ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരർ‌

ആരുടേതാണുടഞ്ഞൊരീ കനവുകൾ‌?
ആരുടച്ചതാണീ കനൽചിമിഴുകൾ‌?
ആരുടേതീ നിരാലംബ നിദ്രകൾ‌?

ആരുറക്കിയീ ശാന്തതീരസ്മൃതി
നീ, ജലാദ്രി, തമോഗർ‌ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക!

അലറി ആർത്തണയുന്ന തിര തമോഗർ‌ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു

അലമുറകളാർ‌ത്തനാദങ്ങൾ‌ അശാന്തികൾ‌
അവശിഷ്ടമജ്ഞാതമൃതചിന്തകൾ‌

അം‌ഗുലീയാഗ്രത്തിൽ‌‌ നിന്നൂർന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകൾ‌

ഇനിയെത്ര തിരവന്നു പോകിലും‌
എന്റെ കനൽ‌മുറിവിൽ നിൻ‌മുഖം  മാത്രം

എന്റെ ശ്രവണികളിൽ‌ നിൻ‌ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകൾ‌

കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകൾ‌
കവിളിലാരാണു തഴുകുന്നൊതീ കുളിർ‌

കടൽ‌ മാതാവ് ഭ്രാന്തവേഗത്തിലോ..?
അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ

തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണർന്നുറങ്ങുന്നുവോ

പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകൾ‌
ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌

കൊന്നവർ‌ കുന്നായ്മ കൂട്ടാ‍യിരുന്നവർ‌
ഇന്നൊരേകുഴിയിൽ കുമിഞ്ഞവർ‌ അദ്വൈത –
ധർമ്മമാർ‌ന്നുപ്പു നീരായലിഞ്ഞവർ‌

ഇരു കൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്നു മർത്യജന്മം‌

തിരയായി തീർത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോൽ‌

കടലിതാ ശാന്തമായോർ‌മ്മകൾ‌ തപ്പുന്നു
ഒരു ഡിസംബർ‌ ത്യാഗതീരം കടക്കുന്നു.

ആലാപനം‌: മുരുകന്‍ കാട്ടാക്കട
രചന: മുരുകന്‍ കാട്ടാക്കട

 

മുരുകന്‍ കാട്ടാക്കട – ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്

12063531_400616136814165_6375749703112570977_n

ഇതു പാടമല്ലെന്റെ ഹൃദയമാണ്
നെല്കതിരല്ല കരിയുന്ന മോഹമാണ്..
ഇനിയെന്റെ കരളും പറിച്ചു കൊള്‍ക
പുഴയല്ല കണ്ണീരിനുറവയാണ്

വറ്റി
വരളുന്നതുയിരിന്റെ യമുനയാണ്..
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക..
 
കതിരു കൊത്താന് കൂട്ടുകിളികളില്ല
കിളിയകട്ടാന് കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമിതന്‍ ചുണ്ടില്‍
വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല

നാമ്പുകളുണങ്ങിയ
നുകപ്പാടിനോരത്ത്
നോക്കുകുത്തി പലക ബാക്കിയായി
ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക
ഇനിയെന്റെ ബോധവുമെടുത്തു കൊള്..
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്..
 
കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ മാരശരമെയ്യുന്ന
മാനസ സരസ്സാം ജലചെപ്പുകള്‍
ധ്യാനിച്ചു നില്‍ക്കുന്ന ശ്വേത സന്യാസികള്‍..
നാണിച്ചു നില്‍ക്കും കുളക്കോഴികള്‍
 
പോയ്മറഞ്ഞെങ്ങോ വിളക്കാല ഭംഗികള്‍ 
വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍
 
വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു
ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തു കൊള്‍
 
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍
ഇനിയെന്റെ കരളും പറിച്ചു കൊള്‍
ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍..
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍..
ആലാപനം‌: മുരുകന്‍ കാട്ടാക്കട
രചന: മുരുകന്‍ കാട്ടാക്കട

മുരുകൻ കാട്ടാക്കട – കണ്ണട

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

രക്ത്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം

കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകൾ കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

സ്മരണകുടീരങ്ങൾ പെരുകുംബോൾ
പുത്രൻ ബലിവഴിയെ പോകുംബോൾ
മാത്രുവിലാപത്താരാട്ടിൻ
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

പൊട്ടിയ താലിചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുംബോൾ
പുറകിലെ മാവിൽ കയറുകൾ കാണാം

തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുംബിര തേടൽ കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം

തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം

അരികിൽ ശീമ കാറിന്നുള്ളിൽ
സുകശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

തിണ്ണയിലൻബതു കാശിൻ പെൻഷൻ
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ്‌ പായ്‌വ്വതുകാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം

വിളയില്ല തവളപാടില്ലാ
കൂറ്റൻ കുഴികൾ കുപ്പത്തറകൾ

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട

ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട

കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ
സ്പടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ച്കൾ
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

ആലാപനം‌: മുരുകന്‍ കാട്ടാക്കട
രചന: മുരുകന്‍ കാട്ടാക്കട

മുരുകൻ കട്ടാകട- പറയുവാനാകാത്തൊരായിരം കദനങ്ങള്‍… (കൂട്ടുകാരി)


പറയുവാനാകാത്തൊരായിരം കദനങ്ങള്‍
ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരി ?

ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടിവിരിയുമോ പാട്ടുകാരീ ?
ഇനിയെന്റെയോര്‍മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരീ ?

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണ്ണരാഗം ചേര്‍ത്തു
പട്ടുനെയ്യുന്നു നീ പാട്ടുകാരീ

നിറമുള്ള ജീവിതസ്പന്ദനങ്ങള്‍

തലചായ്ച്ചുറങ്ങാനൊരുക്കമായി
ഹിമബിന്ദുയിലയില്‍ നിന്നൂര്‍ന്നു വീഴും പോലെ
സുഭകം ക്ഷണികം ഇതു ജീവിതം

വീണ്ടുമൊരുസന്ധ്യമായുന്നു വിഷാദാര്‍ദ്ര

രാഗമായി കടലുതേങ്ങിടുന്നു
ആരോവിരല്‍ത്തുമ്പുകൊണ്ടെന്റെ തീരത്തു
മായാത്ത ചിത്രം വരച്ചിടുന്നു
തിരയെത്ര വന്നുപോയെങ്കിലും തീരത്തു
വരയൊന്നും മാഞ്ഞതേയില്ലിത്ര നാള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം

പ്രിയമുള്ള നൊമ്പരം ചേര്‍ത്തുവച്ചു
ഒപ്പം നടക്കുവാനാകാശവീഥിയില്‍
ദുഃഖചന്ദ്രക്കല ബാക്കിയായി
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കുറങ്ങുവാന്‍
മൗനരാഗം തരൂ കൂട്ടുകാരീ

ഇടവുള്ള ജനലിലൂടാര്‍ദ്രമായ്‌ പുലരിയില്‍

ഒരുതുണ്ടു വെട്ടം കടന്നുവന്നു
ഓര്‍മപ്പെടുത്തലായപ്പൊഴും ദുഃഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങിനിന്നു

ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ

തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

കൂട്ടിക്കുറച്ചു ഗുണിക്കുമ്പോഴൊക്കയും

തെറ്റുന്നു ജീവിത പുസ്തകത്താള്‍
കാണാക്കണക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നു വീണു

ദുഃഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ

നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി ?
പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ
ചോദ്യം വിഷാദം പൊതിഞ്ഞുതന്നു

ഒറ്റയ്ക്കിരിക്കുമ്പോഴോക്കെയും കണ്ണുനീരൊ-

പ്പമാ പാഥേയമുണ്ണുന്നു ഞാന്‍

ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു കരയുവാന്‍

കണ്ണീരു കൂട്ടിനില്ല!

ആലാപനം‌: മുരുകന്‍ കാട്ടാക്കട
രചന: മുരുകന്‍ കാട്ടാക്കട

മൌലാന ഹസ്രത് മൊഹാനി (ഗസല്‍)- ചുപ്കെ ചുപ്കെ രാത് ദിന്‍….


ചുപ്കെ ചുപ്കെ രാത് ദിന്‍….
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ….

(നിശബ്ദമായി ദിന രാത്രങ്ങളില്‍
കണ്ണീര്‍ പൊഴിച്ചത് ഓര്‍മയുണ്ട്
ഇനിക്കിപ്പോഴും
ആ പ്രണയ കാലത്തെക്കുറിച്ച് ഓര്‍മയുണ്ട്…………….)

കീംച് ലേനാ വോ മേരാ
പര്‍ദെ കാ കോനാ ദഫ് ദന്‍
ഓര്‍ ദുപ്പട്ടെ സെ തേരാ
വോ മൂ [മുഹ് ] ചുപാന യാദ് ഹെ

(എന്റെ തിരശീലയുടെയറ്റം
പെട്ടന്ന് വലിച്ചിട്ട്
നിന്റെ മുഖം തട്ടത്താല്‍
മറച്ചതും ഓര്‍മയുണ്ട്)

ദോ പഹര്‍ കി ധൂപ് മേം
മേരെ ബുലാനേ കേലിയെ
വോ തേരാ കോത്തെ പേ
നന്ഗെ പാവ് ആനാ യാദ് ഹെ

(ഉച്ച വെയിലിന്റെ തിളക്കത്തില്‍
എന്നെ വിളിക്കാനായി
തട്ടിന്‍ പുറത്തു നഗ്ന പാദയായി
നീ വന്നതും ഓര്‍മയുണ്ട് )

ചുപ്കെ ചുപ്കെ രാത് ദിന്‍
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ

(നിശബ്ദമായി ദിന രാത്രങ്ങളില്‍
കണ്ണീര്‍ പൊഴിച്ചത് ഓര്‍മയുണ്ട്
ഇനിക്കിപ്പോഴും
ആ പ്രണയ കാലത്തെക്കുറിച്ച് ഓര്‍മയുണ്ട്.)…

രചന: മൌലാന ഹസ്രത് മൊഹാനി
ആലാപനം‌: ഗുലാം അലി


മാർത്താ റിവേറ ഗാറിദോ-വായിക്കുന്ന ഒരു പെണ്ണിനെ…

“വായിക്കുന്ന ഒരു പെണ്ണിനെ,
ഒരു പാട് വികാരഭരിതയാകുന്ന ഒരുവളെ,
ഒരെഴുത്തുകാരിയെ ഒരിക്കലും പ്രണയിക്കരുത്…

പഠിച്ചവളെ, മാന്ത്രികതയുള്ളവളെ
മായാവിനിയെ,
ഒരു കിറുക്കത്തിയെ ഒരിക്കലും പ്രണയിക്കരുത്…

ചിന്തിക്കുന്നവളെ,
താനെന്താണെന്
സ്വയം തിരിച്ചറിഞ്ഞ ഒരുവളെ,
പറക്കാൻ അറിയുന്നവളെ,
തന്നെ പറ്റി അത്രമേൽ വലിയ ഉറപ്പുള്ള ഒരുവളെ,
പ്രണയിക്കരുത്…

പ്രണയിക്കുമ്പോൾ ചിരിക്കുകയും
ഇടയിൽ കരയുകയും ചെയ്യുന്നവളോട്,
സ്വന്തം ആത്മാവിനെത്തന്നെ
ശരീരമാക്കി മാറ്റാൻ കഴിയുന്നവളോട്,
കവിതയെ സ്നേഹിക്കുന്നവളോട്
(അവളാണ് ഏറ്റവും അപകടകാരി),
ഒരു ചിത്രമെഴുതാൻ വേണ്ടി അതിൽ മുഴുകി ആനന്ദിക്കുന്നവളോട്,
സംഗീതമില്ലാതെ ജീവിക്കാനാവില്ലെന്ന് വിചാരിക്കുന്ന ഒരുവളോട്,
ഒരിക്കലും പ്രണയത്തിലാവരുത്…
…………………………………………………
എന്തെന്നാൽ,
അങ്ങനയുള്ള ഒരു പെണ്ണുമായി
നിങ്ങൾ പ്രണയത്തിലായാൽ
അവൾ നിങ്ങളോടൊരുമിച്ച്
സഹ വസിച്ചാലുമില്ലെങ്കിലും,
അവൾ നിങ്ങളെ
പ്രണയിച്ചാലുമില്ലെങ്കിലും ശരി
അങ്ങനെയുള്ള ഒരുവളിൽ നിന്നും
ഒരു മടങ്ങിപ്പോക്ക്
നിങ്ങൾക്കൊരിക്കലും സാദ്ധ്യമല്ല”