മറിന സ്വെതയെവ – സത്യം എനിക്കറിയാം

സത്യം എനിക്കറിയാം.
മറ്റെല്ലാ സത്യങ്ങളെയും ഉപേക്ഷിക്കൂ!
ഭൂമിയിലൊരിടത്തും ജനങ്ങള്‍ കഷ്ടപ്പെടേണ്ടതില്ല.
നോക്കൂ–ഇതാ സായാഹ്നം. നിശാരംഭം.
കവികളേ, കാമുകരേ, സേനാനായകരേ,
നിങ്ങള്‍ എന്തിനെക്കുറിച്ചാണു പറയുന്നത്?
കാറ്റ് ശാന്തം. ഭൂമി ഹിമാര്‍ദ്രം.
ആകാശത്തിലെ നക്ഷത്രവിക്ഷോഭം ഉടന്‍ ശമിക്കും.
ഉടനെ നാമെല്ലാം ഭൂമിക്കടിയില്‍ ഉറക്കമാവും.
ഭൂമിക്കുമുകളില്‍ ഉറങ്ങാന്‍
ഒരിക്കലും പരസ്പരം സമ്മതിക്കാത്ത നാം.

( വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട് )
Advertisements

ഒക്ടോവ്യാ പാസ് – ‘സൂര്യശില’യില്‍നിന്നും …

ഈ നിമിഷം മറ്റൊന്നിലേയ്ക്കു്,
മറ്റൊന്നിലേക്കു പലായനം ചെയ്തു
സ്വപ്നം കാണാത്ത
കല്ലിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍
ഞാന്‍ സ്വപ്നം കണ്ടു


സംവത്സരങ്ങളുടെ അന്ത്യത്തില്‍
കല്ലുകളെപ്പോലെ

എന്റെ, തടവിലാര്‍ന്ന രക്തം
പാടുന്നതു ഞാന്‍ കേട്ടു.


പ്രകാശത്തിന്റെ മര്‍മ്മരത്തോടെ
സമുദ്രം പാടി.

ഭിത്തികള്‍ ഒന്നൊന്നായി
വീഴുകയായിരുന്നു.

ഓരോ വാതായനവും
തകരുന്നുണ്ടായിരുന്നു.

സൂര്യനാകട്ടെ എന്റെ നെറ്റിത്തടത്തിലൂടെ
അതിന്റെ മാര്‍ഗ്ഗം

പിടിച്ചെടുക്കുകയായിരുന്നു.

എന്റെ അടഞ്ഞ കണ്‍പോളകള്‍ തുറന്നുകൊണ്ടു്

എന്റെ ഉണ്മയുടെ ചുറ്റിക്കെട്ടിയ വസ്ത്രങ്ങളെ അനാവരണം
ചെയ്തുകൊണ്ടു്
എന്നില്‍നിന്നു് എന്നെ വലിച്ചുകീറിയെടുത്തുകൊണ്ടു്
കല്ലിന്റെ മൃഗീയവും നിദ്രാലോലുപവുമായ ശതാബ്ദങ്ങളെ
എന്നില്‍നിന്നു വേര്‍പെടുത്തിക്കൊണ്ടു് (സൂര്യന്‍ മാര്‍ഗ്ഗം പിടിച്ചെടുക്കുകയായിരുന്നു.)

മുഹമ്മദ്‌ മിറാഷ്‌ – പോർമുഖത്ത്‌ പ്രണയം പൂക്കളെ തേടുന്നില്ല


ഞാൻ എന്ന് എഴുതിക്കൂടാത്ത
വ്യവഹാരമാണ്‌
എനിക്കും നിനക്കുമിടയിൽ പ്രണയം.
അതു വരച്ച അതിരുകൾക്കപ്പുറം
‘ഞാൻ’
സുഗന്ധം വിട്ടു പറക്കുന്നു.
സർപ്പദംശനമേറ്റ്‌
ഞാൻ മയങ്ങിക്കിടക്കുന്നു.
ഞാൻ എന്നു പറഞ്ഞുകൂടെന്ന്
നീ സ്നേഹം കൊണ്ട്‌ വിലക്കുന്നു.
ഞാൻ
തിരമാലകളിൽ കാലു നനച്ച്‌
വെയിലുകൊള്ളുന്നു.
‘നീയും ഞാനും തമ്മിലെന്ത്‌?’
ഞാൻ
അഗ്നികുണ്ഡങ്ങളിൽ പൂത്ത വഴിമാറി
ചൂട്ടിന്റെ വെളിച്ചം തേടുന്നു.
ഞാൻ
കണ്ണീരിനും വെടിയൊച്ചയ്ക്കും
കാതുകൂർപ്പിക്കുന്നു.
നീ ആവശ്യപ്പെട്ട പ്രണയകാവ്യം
ഒരിക്കലും എഴുതാതിരിക്കുന്നു.
ഒരു കവിത കൊണ്ട്‌ ഞാൻ
‘നിന്റെ’
ബന്ധനം റദ്ദു ചെയ്യുന്നു.

http://mirashmmvc.blogspot.in/2016/01/blog-post.html

ഗദ്ദര്‍ – എങ്ങനെ പോരാടണമെന്ന് നിങ്ങള്‍ മറന്നോ…

Gaddar_in_a_meeting_in_Nizam_College_Grounds-_2005.jpg (400×266)

“എങ്ങനെ പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
എന്തിന് പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
ആര്‍ക്കുവേണ്ടി പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
അതോ, പോരാട്ടമെന്ന വാക്കുപോലും നിങ്ങള്‍ മറന്നോ?
എങ്കിലറിയുക, നിങ്ങള്‍ വെറും അടിമകള്‍ മാത്രമാണെന്ന്.”

‘വഴിതെറ്റിയ
വിപ്ളവ മാര്‍ഗങ്ങള്‍ക്ക് ക്ഷോഭത്തിന്‍െറ തിരുത്ത്’

ഗദ്ദര്‍, ഭാനു കളരിക്കല്‍ – ഗദ്ദര്‍ ഇന്ത്യയിലെ ഏറ്റവും ശക്തനായ ജനകീയ കവി

ഗദ്ദര്‍

നഗരത്തിന്റെ സായാഹ്ന കൂടിച്ചേരലില്‍

പെറ്റിബൂര്‍ഷ്വാ വായാടികള്‍ക്ക്

വിപ്ലവകവിത പകര്‍ന്ന്
ചിരിച്ചുന്മത്തനായി
മറ്റൊരു സായാഹ്നത്തിലേയ്ക്ക്
തിരിച്ചു പോകാന്‍
വന്നവനല്ല അവന്‍.

നെഞ്ചിലേറ്റ വെണ്ടിയുണ്ടകളുമായി,
കാട്ടുചെണ്ടയുടെ ക്രൗര്യവുമായി
തെലുഗുപാടങ്ങളില്‍ നിന്ന്‌ നരച്ച താടിയുമായി വന്നത്
ഞാന്‍ ഇവിടെയുണ്ട് എന്ന് അലറുവാന്‍…

എന്റെ കവിത
മാമ്പൂവുകളുടെ നഷ്ടത്തെ കുറിച്ചും
കെട്ടുപോയ പ്രണയങ്ങളെ കുറിച്ചും
വിലപിക്കില്ലെന്നു പ്രഖ്യാപിക്കുവാന്‍…

അവന്റെ കവിത
പാല്‍ നിറമെന്തന്നറിയാത്ത
ഇടയബാലനെ കുറിച്ചും
കൊയ്‌ത്തു കഴിഞ്ഞ ഗോതമ്പു പാടത്ത്‌
വിശന്നു മരിച്ച കര്‍ഷകനെ കുറിച്ചും പാടും.

അവന്റെ കവിത
കാടുകള്‍ നഷ്ടപ്പെട്ട ആദിവാസിയുടെ
ദുരിതങ്ങള്‍ പങ്കുവെയ്ക്കും.
പോരാട്ടത്തില്‍ കൊല്ലപ്പെട്ട
വിപ്ലവ ധീരന്റെ
ചുവന്ന രക്തസാക്ഷിത്വത്തെ കുറിച്ചു പാടും.

ഡമരുവിന്റെ താളത്തില്‍
അര്‍ദ്ധനഗ്നന്റെ നൃത്തച്ചുവടുകള്‍
നഗരത്തെ
കവിതയുടെ ഉന്മാദത്തിലേയ്ക്ക് ഉണര്‍ത്തും.

വെടിയുണ്ടകളെ കീഴ്പ്പെടുത്തി
അവന്‍ വന്നത്

നിങ്ങളുടെ ബൌദ്ധീക വാചാലതകളില്‍

ഉത്തരാധുനികതയുടെ ശ്രേഷ്ഠത പുലമ്പുവാനല്ല.

ഗോദാവരിയുടെ തീരങ്ങളില്‍,
തെലുങ്കാനയില്‍
രക്തം ചൊരിഞ്ഞ ധീരരുടെ
അണയാത്ത കണ്ണുകളെ കുറിച്ച് പാടുവാന്‍.

മനുഷ്യര്‍ പട്ടിണി കിടക്കുന്ന കാലത്തോളം
പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും
ചരിത്രം അവസാനിക്കുകയല്ല
തുടങ്ങിയതേയുള്ളൂ എന്നും
ഓര്‍മ്മിപ്പിക്കുവാന്‍..My Photo
രചന : ഭാനു കളരിക്കല്‍ (https://www.blogger.com/profile/04777868455798426984)

ഗദ്ദര്‍ ഇന്ത്യയിലെ ഏറ്റവും ശക്തനായ ജനകീയ കവി. ഒരു വ്യക്തി എന്നതിനപ്പുറം പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറയും ‘നക്സലൈറ്റ്’ പോരാട്ടത്തിന്‍െറയും പ്രതീകം. ‘പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിന്‍െറ’ പോരാളിയും  ദലിത് ആക്ടിവിസ്റ്റുമായ ഗദ്ദര്‍ ജനകീയ വിപ്ളവത്തിന്‍െറ മഹാസ്തംഭമായി നിലകൊള്ളുന്നു. കാലം നിശ്ശബ്ദമാക്കിയവര്‍ക്കുവേണ്ടി ഗദ്ദര്‍ പാടുന്നു; തീക്ഷ്ണമായ ശബ്ദത്തില്‍, ഉള്ളുതൊടുന്ന ഭാവതീവ്രതയോടെ.

ഗദ്ദര്‍ , ഗീതാകുമാരി – ഗദ്ദര്‍ ഇന്ത്യയിലെ ഏറ്റവും ശക്തനായ ജനകീയ കവി

ഗദ്ദര്‍

ഒറ്റച്ചിലമ്പ് കിലുക്കി കാലത്തിന്റെ
ഗര്‍ജ്ജനമാകുന്നു ഗദ്ദര്‍ !
ഗദ്ഗദം വന്നു നിറയുന്നു ,നിന്‍ –
ഗാന നിര്‍ജ്ജരി കേള്‍ക്കുന്ന മാത്രയില്‍ !

ആ ദളങ്ങള്‍ ,ദളിതര്‍ തന്‍ രോദനം
മാറ്റൊലിക്കൊള്ളുന്നു നിന്നില്‍
ഏതു പടഹധ്വനിയായ്‌ ,പടവാളായ്
പോരാടി ,ചാട്ടുളിയായി …..

കാറ്റിന്‍ പ്രചണ്ഡന താളമായ് ,
ആയിരം സാഗരഗര്‍ജ്ജന  നാദമായ്
ഹൃത്തിന്റെ ഉള്ളറ കീറി ,പ്രകമ്പനം
കൊള്ളുന്നു കാവ്യ കല്ലോലിനി ……

ഉള്ളിലണയാത്ത തീപ്പൊരിയൂതി-
ചലനത്തിന്‍ ,അഗ്നിയങ്ങാളിപ്പടര്‍ത്തി
‘പോരാട്ട’മെന്തെന്നു കാട്ടി നീ ,ഇന്നിന്റെ
‘കണ്ണകി’ യായുറഞ്ഞാടി

‘വിറ്റലിന്‍’നാമമുപേക്ഷിച്ചു ,മാറ്റത്തിന്‍
വിത്തുവിതയ്ക്കുന്നു നീയും
‘വിപ്ലവം’അര്‍ഥങ്ങള്‍ തെറ്റി ,ഉറയൂരി
നിശ്ചലമാകുന്നു മുന്നില്‍ !

ഭാഷ്യം ചമയ്ക്കുന്നു നീയും ,ചെഞ്ചോര
ചീറ്റുന്നു നിന്‍ നെഞ്ചിലിന്നും !
ഈ ‘പുറംപൂച്ചി’ന്‍ യുഗത്തിന്റെ –
-യപ്പുറം കണ്ടവന്‍ ,ഗദ്ദര്‍

നിന്‍ മുളവടി തുമ്പില്‍ ,സ്ഫുരണമായ്‌
നിന്നു ജ്വലിക്കട്ടെകാലം !!geetha kumari_vettam
രചന : ഗീതാകുമാരി (https://plus.google.com/115306890827850761787)%5B2012  ആഗസ്റ്റ്‌ മാസത്തിലെ മാധ്യമം ആഴ്ചപ്പതിപ്പിലെ ഗദ്ദറിനെ കുറിച്ചുള്ള ലേഖനമാണ് ഈ കവിതയുടെ പ്രചോദനം ]

ഗദ്ദര്‍ ഇന്ത്യയിലെ ഏറ്റവും ശക്തനായ ജനകീയ കവി. ഒരു വ്യക്തി എന്നതിനപ്പുറം പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറയും ‘നക്സലൈറ്റ്’ പോരാട്ടത്തിന്‍െറയും പ്രതീകം. ‘പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിന്‍െറ’ പോരാളിയും  ദലിത് ആക്ടിവിസ്റ്റുമായ ഗദ്ദര്‍ ജനകീയ വിപ്ളവത്തിന്‍െറ മഹാസ്തംഭമായി നിലകൊള്ളുന്നു. കാലം നിശ്ശബ്ദമാക്കിയവര്‍ക്കുവേണ്ടി ഗദ്ദര്‍ പാടുന്നു; തീക്ഷ്ണമായ ശബ്ദത്തില്‍, ഉള്ളുതൊടുന്ന ഭാവതീവ്രതയോടെ.

ഷാജഹാന്‍ ഒരുമനയൂര്‍ – ശോകത്തിന്റെ ഏത് അമൃതപ്രവാഹമാണ് …


നയ്യാര നൂർ…….
ശോകത്തിന്റെ ഏത് അമൃതപ്രവാഹമാണ്
നിന്റെ സ്വരങ്ങളുടെ കൂടെപ്പോന്നത് ?
കണ്ണീരുപ്പു തിളങ്ങും പോലെ
കരൾച്ചോരയുടെ കാണാച്ചുവപ്പ് പോലെ
കറുത്ത കാലത്തിൻറെ കരച്ചിൽ പോലെ
അതിലേതു ഭാവം?

പാട്ടുകൾ കൂടോഴിയുന്ന പകലിൽ
പല വർണ്ണങ്ങളിൽ മുങ്ങി മരിക്കുന്ന വെണ്മയിൽ
താഡനങ്ങളിൽ തിളങ്ങുന്നൊരു പാടുപോലെ
പുഴുക്കുത്തിയ പൂവിൻറെ ശിഷ്ട സുഗന്ധം പോലെ
നീ പാടുന്നതാർക്കാണ് ?

പാട്ട് പെയ്തൊഴിയുന്നില്ല
കാലം പോലെ കണ്ണീരു പോലെ.
ശര റാന്തലുകൾ അണഞ്ഞുപോയെന്നാലും
കേൾവിക്കാർ മരിച്ചു പോയെന്നാലും…………


നയ്യാര നൂര്‍ – പാകിസ്ഥാനിലെ ഒരു ഗായിക.