വിനോജ് – നിരാശ


കാലമേ,
നീ നിന്റെ ദംഷ്‌ട്രകളാൽ
എന്റെ ഹൃദയം കടിച്ചു കീറുക,
ഇതു നീ ബാക്കി വയ്‌ക്കരുത്‌.

നിന്റെ തേരുരുൾച്ചയിൽ പിടച്ചെന്നെ
ഭയപ്പെടുത്തുന്നത് ഇവനാണ്.
തല ചായ്‌ച്ചു കരയാൻ സ്വന്തം തോളു പോലും
ഇല്ലാത്തവന് ഹൃദയം ഒരു ഭാരമാണ്,
അതുകൊണ്ട്‌ ഇതു മാത്രം നീ ബാക്കി വയ്‌ക്കരുത്‌.

എന്റെ കൈകൾ കൂടി നീയെടുത്തേക്കുക
ഇനി എനിക്കൊന്നും സ്വന്തമാക്കാനില്ല.
ദാനമായിപ്പോലും ഒന്നും ലഭിക്കാനില്ലാത്തവന്
കൈകൾ വെറും അലങ്കാരമാണ്.

കാലുകൾ നിന്റെ കുട്ടികൾക്കു കൊടുക്കുക,
അവർക്കത്‌ കുതിരകളായേക്കാം.
ദൂരങ്ങൾ കീഴടക്കാനില്ലാത്തവന്
കാലുകൾ ഒരു ബാദ്ധ്യതയാണ്.
കണ്ണുകളും കാതുകളും കഴുകന്മാർക്കു കൊടുക്കുക
ഇവയെന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു.

അറിവുകളെ വെറുക്കുന്നവന്
ഇന്ദ്രിയങ്ങൾ ഒരു ശല്യമാണ്.
അസ്ഥികൾ മാത്രം ശേഷിച്ചേക്കാവുന്ന ഈ ഉടലിൽ
നീ ഒരു മനസ്സു കണ്ടെത്തിയാൽ
കുറച്ചു സ്വപ്‌നങ്ങൾ മാത്രം ബാക്കി വച്ചേക്കുക;

എന്റെ ആയുസ്സിൽ അവശേഷിച്ച ഒരു യുഗം
ഞാൻ അവയോടൊപ്പം കഴിഞ്ഞുകൊള്ളാം.


 picture courtesy : Andrei Zadorine painting (Russian 1960)
poem courtesy : Vinoj 


 

Advertisements

റഫീഫ് സിയാദാഹ് – ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ് സാർ…


(കവിയും ആക്ടിവിസ്റ്റുമായ റഫീഫ് സിയാദാഹ് പലസ്തീനിയൻ അഭയാർത്തിയാണ്. ടൊറെന്റോയിലെ യോർക്ക് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ ഗവേഷണ വിദ്യാർത്തിയായ സിയാദാഹ് പലസ്തീന്റെ മോചനത്തിന് വേണ്ടി സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന കാവ്യാലാപന കവിയാണ്. ‘ക്രോധത്തിന്റെ നിഴലുകൾ’,’ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ് സാർ’ എന്നിവ പ്രശസ്ത കവിതകൾ. പലസ്തീനെ പ്രതിനിധീകരിച്ച് ലോക കവിതാ മേളകളിലും ഫെസ്റ്റിവലുകളിലും പങ്കെടുക്കുകയും കവിതാ ശിൽപശാലകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ സമാഹാരത്തിന്റെ പേര് ‘ഹദീൽ ‘(പ്രാവുകളുടെ കുറുകൽ) എന്നാണ്. ‘എ16 ബോംബർ വിമാനങ്ങൾ വട്ടമിടുമ്പോഴും പട്ടം പറപ്പിക്കുകയും പലസ്തീനിലെ ഗ്രാമങ്ങളുടെ പേര് ഇപ്പോഴും ഓർക്കുകയും ഗാസയുടെ മേൽ പ്രാവുകൾ കുറുകുന്ന ശബ്ദം ഇപ്പോഴും കേൾക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്ക് ‘ ഈ സമാഹാരം സമർപ്പിക്കപ്പെട്ടിരിക്കുന്നു.)കവിത – ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ


ഞങ്ങൾ
ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഇന്ന് എന്റെ ശരീരം ടീവിയിൽ
സംപ്രേഷണം ചെയ്യപ്പെട്ട
കൂട്ടക്കൊലയായിരുന്നു
അതിന് വാക്കുകളുടെ
എണ്ണവും ശബ്ദശലകങ്ങളും
നിശ്ചിതപരിധിയിൽ ഒതുക്കേണ്ടിയിരുന്നു.

വാക്കുകളുടെ എണ്ണവും ശബ്ദശലകങ്ങളും
നിശ്ചിതപരിധിയിൽ ഒതുക്കികൊണ്ട്,
അളന്നുമുറിച്ച പ്രതികരണങ്ങളെ
നേരിടാൻ പാകത്തിൽ,
സ്ഥിതി വിവരണക്കണക്കുകൾ കൊണ്ട്
നിറക്കേണ്ടിയിരുന്നു.

ഞാനെന്റെ ഇംഗ്ലീഷ് മികവുറ്റതാക്കി;
ഐക്കരാഷ്ട്ര പ്രമേയങ്ങൾ പഠിച്ചു.
എന്നിട്ടും അദ്ദേഹം എന്നോടു ചോദിച്ചു:
മിസ്‌ സിയാദാഹ്,
ഇത്രയധികം വിദ്വേഷം നിങ്ങൾ
കുട്ടികളെ പഠിപ്പിക്കുന്നത് നിർത്തിയാൽ
എല്ലാം പരിഹരിക്കാമെന്നു
നിങ്ങൾ കരുതുന്നില്ലേ?

ചെറിയ ഒരു ഇടവേള.
ക്ഷമ നേടാനുള്ള കരുത്തിനായി
ഞാനെന്റെ ഉള്ളിലേക്ക് നോക്കി.
പക്ഷെ, ഗാസയിൽ
ബോംബ്‌ വർഷിക്കുമ്പോൾ,
ക്ഷമ എന്റെ നാവിൻ തുമ്പിലില്ല.
ക്ഷമ എന്നിൽ നിന്നും
കടന്നുകളഞ്ഞിരിക്കുന്നു.

ചെറിയ ഒരു ഇടവേള.
പുഞ്ചിരി.
ഞങ്ങൾ
ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഞങ്ങൾ പലസ്തീൻകാർ
ജീവിതം പഠിപ്പിക്കുന്നത്
അവർ ആകാശത്തിന്റെ
അവസാന തുണ്ടിലും
അധിനിവേശം നടത്തിയതിന് ശേഷമാണ്.

ഞങ്ങൾ ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഇന്ന് എന്റെ ശരീരം ടീവിയിൽ
സംപ്രേഷണം ചെയ്യപ്പെട്ട
കൂട്ടക്കൊലയായിരുന്നു
അതിന് വാക്കുകളുടെ
എണ്ണവും ശബ്ദശലകങ്ങളും
നിശ്ചിതപരിധിയിൽ ഒതുക്കേണ്ടിയിരുന്നു.

ഞങ്ങൾക്ക് ഒരു സ്റ്റോറി തരു,
ഒരു ഹ്യൂമൻ സ്റ്റോറി.
നോക്കൂ, ഇത് രാഷ്ട്രീയമല്ല.
നിങ്ങളെ കുറിച്ചും നിങ്ങളുടെ
ജനതയെ കുറിച്ചും മാത്രമേ
ഞങ്ങൾക്കു ജനത്തോടു
പറയേണ്ടതുള്ളു.
അതുകൊണ്ട് മാനുഷികമായ
ഒരു കഥ തരൂ.

‘വർണ്ണവിവേചനം’
‘അധിനിവേശം’ എന്നെല്ലാമുള്ള
വാക്കുകൾ മിണ്ടരുത്.
ഒരു ജേണലിസ്റ്റായ
എന്നെ നിങ്ങൾ സഹായിക്കുവാനാണ്:
രാഷ്ട്രീയമല്ലാത്ത നിങ്ങളുടെ കഥ
പറയുവാൻ.

ഇന്ന്, എന്റെ ശരീരം ടീവിയിൽ
സംപ്രേഷണം ചെയ്യപ്പെട്ട
കൂട്ടക്കൊലയായിരുന്നു
നിങ്ങൾ ഞങ്ങൾക്കു നൽകുന്നത്
ചികിത്സ ആവശ്യമുള്ള ഗാസയിൽ
ഒരു സ്ത്രീയുടെ കഥയായാലോ?
എന്ത് പറയുന്നു?

എല്ല്ല് പൊട്ടിയ അവയവങ്ങൾ
സൂര്യനെ മൂടാൻ മാത്രമുണ്ടോ
നിങ്ങൾക്ക്?
നിങ്ങൾ മരിച്ചവരെ കൈമാറിക്കോളു.
അവരുടെ പേരുള്ള പട്ടിക
ഞങ്ങൾക്കു തന്നേക്കു,
ആയിരത്തി ഇരുനൂറ്
വാക്കുകളിലോതുങ്ങണം.

ഇന്ന്, എന്റെ ശരീരം ടീവിയിൽ
സംപ്രേഷണം ചെയ്യപ്പെട്ട
കൂട്ടക്കൊലയായിരുന്നു
അതിന് വാക്കുകളുടെ
എണ്ണവും ശബ്ദശലകങ്ങളും
നിശ്ചിതപരിധിയിൽ ഒതുക്കേണ്ടിയിരുന്നു.

ഭീകരരുടെ രക്തത്തെക്കുറിച്ച്
നിർവികാരരാകപ്പെട്ടവരേയും  അത്
ഇളക്കണമായിരുന്നു.
എങ്കിലും അവർക്ക് ഖേദമുണ്ട്…
ഗാസയിലെ
കന്നുകാലികളെയൊർത്ത്
ഖേദമുണ്ട്.
അതുകൊണ്ട് ഞാൻ
ഐക്കരാഷ്ട്ര പ്രമേയങ്ങളും
സ്ഥിതിവിവരണക്കണക്കുകളും
അവർക്ക് കൊടുക്കുന്നു.

ഞങ്ങൾ അപലപിക്കുന്നു,
അനുശോചിക്കുന്നു,
തിരസ്കരിക്കുന്നു.
ഇവ രണ്ടും തുല്ല്യ ശക്തികളല്ല:
കീഴടക്കിയവരും കീഴടങ്ങിയവരും.
മരിച്ചവർ നൂറ് പേർ, ഇരുനൂറ് പേർ,
ആയിരം പേർ അതിനിടയിൽ,
യുദ്ധക്കുറ്റത്തിനും
കൂട്ടക്കൊലയ്ക്കുമിടയിൽ
വാക്കുകൾ പുറന്തള്ളി
ഞാൻ പുഞ്ചിരിക്കുന്നു;

‘വിദേശിയായല്ല’,’ഭീകരവാദിയല്ല’.
ഞാൻ വീണ്ടും എണ്ണുന്നു;
മരിച്ച നൂറ് പേരെ,
ആയിരം പേരെ
പുറത്ത് ആരെങ്കിലുമുണ്ടോ അവിടെ?
ആരെങ്കിലുമിതൊന്നു ശ്രദ്ധിക്കുമോ?
അവരുടെ മൃതശരീരങ്ങൾക്കുമേൽ
പൊട്ടിക്കരയാൻ കഴിഞ്ഞെങ്കിൽ
എന്ന് ഞാൻ ആശിച്ചു പോവുന്നു.

എല്ലാ അഭയാർത്ഥി കേന്ദ്രത്തിലേക്കും
ചെരിപ്പിടാതെ ഓടിയെത്താനും
ഓരോ കുട്ടിയേയുമെടുക്കുവാനും
എനിക്ക് വേണ്ടിവരുന്നത്
പോലെ അവർക്കു
ശേഷിച്ച ജീവിതകാലത്ത് ഒരിക്കലും
ബോംബു വർഷത്തിന്റെ ഭീകരശബ്ദം
കേൾക്കാതിരിക്കാൻ
അവരുടെ ചെവി മൂടുവാനും
എനിക്ക് കഴിഞ്ഞെങ്കിൽ
എന്ന് ആശിച്ചു പോവുന്നു.

ഇന്ന്, എന്റെ ശരീരം ടീവിയിൽ
സംപ്രേഷണം ചെയ്യപ്പെട്ട
കൂട്ടക്കൊലയായിരുന്നു.
ഇതുമാത്രം
ഞാൻ താങ്കളോട് പറയട്ടെ,
താങ്കളുടെ
ഐക്കരാഷ്ട്ര പ്രമേയങ്ങൾ
ഇക്കാര്യത്തിൽ
ഒരിക്കലും ഒന്നും ചെയ്തിട്ടില്ല.
ഞാൻ ഉച്ചരിക്കുന്ന
ശബ്ദശലകമെന്തയാലും,
എന്റെ ഇംഗ്ലീഷ് എത്ര മെച്ചമായാലും,
ഏത് ശബ്ദശകലത്തിനും
ഇത് പരിഹരിക്കാനാകില്ല.

ഞങ്ങൾ
ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഞങ്ങൾ
ജീവിതം പഠിപ്പിക്കുകയാണ്, സാർ
ഞങ്ങൾ പലസ്തീൻകാർ
എല്ലാ പ്രഭാതത്തിലുമുണരുന്നത്
ലോകത്തിലെ മറ്റുള്ളവരെ
ജീവിതം പഠിപ്പിക്കാനാണ്, സർ.


സിയാദാ തന്നെ പാടിയ കവിത ഇവിടെ കേൾക്കാം ⇓⇓⇓Poem – 
We Teach Life, Sir

Today, my body was a TV’d massacre.
Today, my body was a TV’d massacre that had to fit into sound-bites and word limits.
Today, my body was a TV’d massacre that had to fit into sound-bites and word limits filled enough with statistics to counter measured response.
And I perfected my English and I learned my UN resolutions.
But still, he asked me, Ms. Ziadah, don’t you think that everything would be resolved if you would just stop teaching so much hatred to your children?
Pause.
I look inside of me for strength to be patient but patience is not at the tip of my tongue as the bombs drop over Gaza.
Patience has just escaped me.
Pause. Smile.
We teach life, sir!
Rafeef, remember to smile.
Pause.
We teach life, sir!
We Palestinians teach life after they have occupied the last sky.
We teach life after they have built their settlements and apartheid walls, after the last skies.
We teach life, sir!
But today, my body was a TV’d massacre made to fit into sound-bites and word limits.
And just give us a story, a human story.
You see, this is not political.
We just want to tell people about you and your people so give us a human story.
Don’t mention that word “apartheid” and “occupation”.
This is not political.
You have to help me as a journalist to help you tell your story which is not a political story.
Today, my body was a TV’d massacre.
How about you give us a story of a woman in Gaza who needs medication?
How about you?
Do you have enough bone-broken limbs to cover the sun?
Hand me over your dead and give me the list of their names in one thousand two hundred word limits.
Today, my body was a TV’d massacre that had to fit into sound-bites and word limits and move those that are desensitized to terrorist blood.
But they felt sorry.
They felt sorry for the cattle over Gaza.
So, I give them UN resolutions and statistics and we condemn and we deplore and we reject.
And these are not two equal sides: occupier and occupied.
And a hundred dead, two hundred dead, and a thousand dead.
And between that, war crime and massacre, I went out words and smile “not exotic”; smile, “not terrorist”.
And I recount, I recount a hundred dead, two hundred dead, a thousand dead.
Is anyone out there?
Will anyone listen?
I wish I could veil over their bodies.
I wish I could just run barefoot in every refugee camp and hold every child, cover their ears so they wouldn’t have to hear the sound of bombing for the rest of their life the way I do.
Today, my body was a TV’d massacre
And let me just tell you, there’s nothing your UN resolutions have ever done about this.
And no sound-bite, no sound-bite I come up with, no matter how good my English gets, no sound-bite, no sound-bite, no sound-bite, no sound-bite will bring them back to life.
No sound-bite will fix this.
We teach life, sir!
We teach life, sir!
We Palestinians wake up every morning to teach the rest of the world life, sir!


കവിതയുടെ മലയാള പരിഭാഷ : കെ രാമചന്ദ്രൻ
പരാമർശം : ‘കേരളീയം’ മാസിക , ‘പാഠാന്തരം’ വിദ്യാർഥി മാസിക – കേരളം

അരുൺ ജി എം – പെണ്ണെ നീ കാമത്തിന്റെ….


പെണ്ണെ
നീ കാമത്തിന്റെ
അവസാനരതിയെന്ന്,

നിന്റെ ശരീരം
അവന്റെ
പൗരുഷത്തിന്റെ
മേച്ചിൽപുറമെന്ന്,

അവന്റെ
സ്ഖലനം
നീ അടിവയറ്റിൽ
പേറണമെന്ന്…..

അവന്റെ വാരിയെല്ലിൽ
നിന്നെ ഉയർത്തിയതെന്ന്
ദൈവവചനം.

നീ കൊടുത്ത
വിവേകത്തിന്റെ
കനി തിന്നാണത്രേ
ദൈവത്തെ അവൻ
ചോദ്യം ചെയ്തതെന്ന്…..

എത്ര സമർത്ഥമായാണ്
നിന്നെ
വെറും പെണ്ണാക്കി
അവനും ദൈവവും
അവരുടെ
നിഴലിനു പിന്നിലേക്ക്
മാറ്റി നിർത്തിയത്…….


 

സമി അൽ കാസിം – യാത്രാടിക്കറ്റുകൾ

എന്നെ കൊല്ലുന്ന ദിവസം,
കൊലയാളീ,
എന്റെ പോക്കറ്റു പരതുന്ന നീ
അതിൽ കണ്ടെത്തുക യാത്രാടിക്കറ്റുകളായിരിക്കും.
ഒന്നു സമാധാനത്തിലേക്ക്,
ഒന്ന് പാടത്തേക്കും മഴയത്തേക്കും,
മറ്റൊന്ന് മനുഷ്യരാശിയുടെ മനഃസാക്ഷിയിലേക്ക്.
എന്റെ കൊലയാളീ, ഞാൻ യാചിക്കുന്നു:
ഇവിടെ ഇങ്ങനെ നിന്ന് നീയവ പാഴാക്കരുതേ.
അവയെടുക്കുക. അവ ഉപയോഗപ്പെടുത്തുക.
യാത്ര ചെയ്യൂയെന്നു ഞാൻ യാചിക്കുന്നു…

(സമി അൽ കാസിം Samīħ al-Qāsim , ഇസ്രായേലിൽ ജനിച്ച പാലസ്തീൻ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ട കവിയും എഴുത്ത്കാരനും മാധ്യമപ്രവർത്തകനും. 1939 – ആഗസ്റ്റ് 19 നു ഇസ്രായേലിലെ ട്രാൻസ്ജോർദാനിലെ (ഇപ്പോഴത്തെ ജോർദാൻ) സർക്കയിൽ ജനിച്ചു.  
1960ൽ ഇസ്രയേലി സേനയിൽ ചേരാൻ വിസമ്മതിച്ചതിനാൽ തടവിലായി. പിന്നീടും പാലസ്തീനിയൻ അവകാശങ്ങൾക്കു വേണ്ടി നില കൊണ്ടതിന്റെ പേരിൽ പലപ്പോഴും ജയിലിലായിരുന്നു.
1967ൽ അദ്ദേഹം ഇസ്രായേലിലെ കമ്മ്യുണിസ്റ്റ് പാർട്ടിയായ ‘കമ്മ്യുണിസ്റ്റ് റക്ക Communist Rakah’ യിൽ ചേർന്ന് പ്രവർത്തിച്ചു. പിന്നീട് 1977ൽ  കമ്മ്യുണിസ്റ്റ് പാർട്ടിയുടെ തന്നെയായ ‘ഹടാഷ്’, Front for Democracy and Equality എന്ന സംഘടനയിൽ പ്രവർത്തിച്ചു. ഇതിനോടകം തന്നെ അദ്ദേഹം നല്ല സംഭാവനകൾ സാഹിത്യരംഗത്ത് നൽകി.
കുറെ നാളായി കാൻസറിനോട് പൊരുതിയ അദ്ദേഹം 2014, ആഗസ്റ്റ് 19 നു മരണമടഞ്ഞു.) 


 

( കവിത പരിഭാഷ : രവികുമാർ വി )

മഹമൂദ് ദർവിഷ് – ശിരസ്സും അമർഷവും


എന്റെ ജന്മനാടേ!
ഈ മരയഴികളിലൂടെ
തീക്കൊക്കുകൾ എന്റെ മിഴിയിലാഴ്ത്തി
തണുപ്പിക്കുന്ന ഗരുഡൻ നാടേ!
എനിക്ക് മരണത്തിന് മുന്നിലുള്ളത്
ഒരു ശിരസ്സും ഒരമർഷവും മാത്രം.

എന്റെ മരണപത്രത്തിൽ
ഞാനപേക്ഷിച്ചിട്ടുണ്ട്
എന്റെ ഹൃദയം ഒരു
വൃക്ഷമായി വെച്ചുപിടിപ്പിക്കണമെന്ന്,
എന്റെ നെറ്റി
ഒരു വാനമ്പാടിക്കു വീടായും.
ഹേ, ഗരുഡൻ, നിന്റെ ചിറകുകൾ
ഞാനർഹിക്കുന്നില്ല.
എനിക്കിഷ്ടം ജ്വാലയുടെ കിരീടം.

എന്റെ ജന്മനാടേ!
ഞങ്ങൾ ജനിച്ചു വളർന്നത് നിന്റെ മുറിവുകളിൽ,
ഞങ്ങൾ ഓക്കുമരത്തിന്റെ കായ്കൾ തിന്നതും;
എല്ലാം നീ ചിറകടിച്ചുയരുന്നത് കാണാന്‍.
ഒരു യുക്തിയുമില്ലാതെ ചങ്ങലകളിൽ
പിടയുന്ന ഹേ ഗരുഡാ,
ഞങ്ങളെ കൊതിപ്പിക്കാറുള്ള
ഇതിഹാസങ്ങളിലെ വീരമൃത്യു
നിന്റെ ചുവന്ന കൊക്ക്
അഗ്നിഖഡ്ഗം പോലെ
എന്റെ കണ്ണുകളിലിപ്പോഴുമുണ്ട്
നിന്റെ ചിറകുകൾ ഞാനർഹിക്കുന്നില്ല.
മരണത്തിന് മുന്നിൽ എനിക്കുള്ളത്
ഒരു ശിരസ്സും ഒരമർഷവും മാത്രം.

(വിവർത്തനം : സച്ചിദാനന്ദൻ)

മഹമൂദ് ദർവിഷ് – ആഗ്രഹങ്ങളെക്കുറിച്ച്


പറയരുതേ:
ഞാൻ അല്‍ജിയേഴ്സിൽ ഒരു റൊട്ടിക്കാരനായിരുന്നെങ്കിൽ
ഒരു കലാപകാരിയോടൊപ്പം ഞാനപ്പോൾ പാടിയേനെ

പറയരുതേ:
ഞാൻ യെമനിലൊരു ഇടയനായിരുന്നെങ്കിൽ
എങ്കില്‍ ഞാൻ കാലത്തിന്റെ
വിറയ്ക്കൊപ്പം പാടിയേനെ

പറയരുതേ:
ഞാൻ ഹവാനയിലെ ചായക്കടയിൽ
വെയിറ്ററായിരുന്നെങ്കിൽ
കരയുന്ന സ്ത്രീകളുടെ വിജയത്തിനായി ഞാനപ്പോൾ
പാടിയേനെ

പറയരുതേ:
ആസ്വാനിൽ ഞാനൊരു യുവതൊഴിലാളിയായിരുന്നെങ്കിൽ
എങ്കിൽ ഞാൻ പാറകളോട് പാടിയേനെ

എന്റെ സുഹൃത്തേ
നൈൽ നദി വോൾഗയിലേക്കൊഴുകുകയില്ല.
കോംഗോ നദിയും ജോർദാൻ നദിയും
യൂഫ്രട്ടീസിലേക്കുമൊഴുകുകയില്ല

ഓരോ നദിക്കുമുണ്ട് അതിന്റെ ഉറവിടം,
അതിന്റെ വഴി, അതിന്റെ ജീവിതം.
എന്റെ സുഹൃത്തേ, നമ്മുടെ നാട് വന്ധ്യമല്ല
ഓരോ നാടിനും ജനിക്കാനൊരു മുഹൂർത്തമുണ്ട്.
ഓരോ പുലരിക്കും കലാപകാരിയുമായി
ഒരു കൂടിക്കാഴ്ചയുണ്ട്.

(വിവർത്തനം : സച്ചിദാനന്ദൻ)

മഹമൂദ് ദർവിഷ് – ഇര, നമ്പർ 48


അവരവന്റെ മാറിൽ കണ്ടു
പനിനീർപ്പൂക്കളുടെ ഒരു വിളക്ക്, ഒരു ചന്ദ്രനും.
അവന്‍ കല്ലുകൾക്കു മീതേ
കൊല്ലപ്പെട്ടുകിടന്നു.
അവരവന്റെ കീശയിൽ കണ്ടു
അല്പം ചില്ലറ, ഒരു തീപ്പെട്ടി,
യാത്രക്കുള്ള ഒരു പാസ്, അവന്റെ
ചെറുപ്പം മുറ്റിയ കൈയിൽ പച്ചകുത്തിയ പാട്.

അവന്റെ അമ്മ അവനെയോർത്തു തേങ്ങി,
ആണ്ടോടാണ്ട് അവനായി വിലപിച്ചു
അവന്റെ മിഴികളിൽ തൊട്ടാവാടി മുളച്ചു
ഇരുട്ട് തഴച്ചുമുറ്റി.
അവന്റെ അനുജൻ വളർന്നു
നഗരച്ചന്തയിൽ പണി തേടിപ്പോയപ്പോൾ
അവരവനെ ജയിലിലടച്ചു:
അവന്റെ കൈയിൽ യാത്രക്കുള്ള പാസില്ലായിരുന്നു
തെരുവിലവന്‍ വഹിച്ചത്
ഒരു പെട്ടി ചവറുമാത്രം,
പിന്നെ മറ്റു പെട്ടികളും

അതെ, എന്റെ നാട്ടിലെ കുഞ്ഞുങ്ങളേ,
അങ്ങനെയാണ് ചന്ദ്രൻ മരിച്ചത്.

(വിവർത്തനം : സച്ചിദാനന്ദൻ)