ഉണ്ണികൃഷ്ണൻ ആമ്പാടി – സുനാമി


ആരുടെ ദുഃഖമാണകലെപൊലിയുന്ന
യാർദ്രശബ്ദത്തിനുടമയാരോ?
വീണ്ടും തെളിഞ്ഞിതാകേൾക്കുന്നു
എന്റെ കാതിൽ.

ദുരന്തമുഖത്തിൽ പൊലിഞ്ഞതാരൊ
എന്മുന്നിലിന്നലെ പുഞ്ചിരിച്ചെത്തിയ
ആത്മാർത്ഥമിത്രം പൊലിഞ്ഞുപൊയൊ?

നിത്യദുഃഖത്തിലേയ്ക്കെന്നെയാഴ്തീടുന്ന
തിരമാലയെന്നെ പൊതിഞ്ഞുവെന്നോ!
രക്തം തെറിച്ചുവീണാമുല്ലപ്പൂവിനെ
കയ്യിലെടുത്തു തലോടിയോ ഞാൻ!

കാഴ്ച മങ്ങുന്നു അശ്രു പൊഴിയുന്നു
എന്നുടെ ഉടയോർ മറഞ്ഞുപോയോ!
എന്നെ തനിച്ചുവിട്ടെല്ലാവരും ദൂരെ
ഏഴാം കടലിൽ മറഞ്ഞുപോയോ?

ഒരു കുങ്കുമപൊട്ടുതൊട്ടപോലിന്നി-
കടലിതാവീണ്ടും ചുമക്കുന്നുവോ!
രുധിരപാനം ചെയ്ത സത്വത്തെപോലെയാ-
അഴിമുഖം വീണ്ടും ചുവന്നിടുന്നു…

ക്രുദ്ധയായ് യുദ്ധസന്നദ്ധയായ് മരുവുന്നു
കടലെന്ന സത്വം ചിരിച്ചിടുന്നോ?
അവളുടെ ദ്രിഷ്ട്ടിയിൽ കുരുങ്ങിപിടയുന്നു-
മനുജവർഗ്ഗത്തിൻ രോദനങ്ങൾ.

പിടയുന്ന ബാല്യങ്ങൾ,
പൊലിയുന്ന യൌവ്വനം-
കരയുന്ന വാർധക്യമിന്നിവിടെ!
അവളുടെ മുന്നിൽ കരഞ്ഞുകേഴുന്നതാ-
വീണ്ടും വീണ്ടും.

ഒരു ചുടുനീർക്കണം
വീഴുന്നു മാതാവിൻ
ദുഃഖാർദ്രമായ മിഴിയിൽനിന്നും.

എന്നുടെ മനസ്സിൽ അലയടിക്കുന്നൊരു
ഘോരരൂപിയാം സുനാമി മാത്രം!
വീണ്ടും ജനിക്കാതിരിക്കട്ടെ ഒരു സത്വം-
വീണ്ടും നശിക്കാതിരിക്കട്ടെ ഭൂമുഖം.

( ഉണ്ണികൃഷ്ണന് സ്കൂൾ തലത്തിൽ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കവിത.) ( ഉണ്ണികൃഷ്ണൻ ആമ്പാടി :

1990 മെയ് 13 ന് ആലപ്പുഴ ജില്ലയിലെ  ഇടപ്പോണിൽ ജനിച്ചു. അച്ഛൻ വി എസ് സോമകുമാർ. അമ്മ ഒ ജി ലതാകുമാരി. സഹോദരി എസ് പൂജ.   ഒന്നു മുതൽ നാലുവരെ വെട്ടിയാർ മന്നം മെമ്മോറിയൽ എൻ എസ് എസ് സ്ക്കൂളിലും അഞ്ച് മുതൽ പത്തുവരെ വെട്ടിയാർ വർഗീസ്‌ മെമ്മോറിയൽ സ്കൂളിലും പഠിച്ചു. ബാല്യം മുതൽ എഴുതിത്തുടങ്ങി. സ്കൂൾ തലത്തിലും മാവേലിക്കര വിദ്യാഭ്യാസ ജില്ലാതലത്തിലും കവിതാമത്സരത്തിൽ സമ്മാനം നേടി.
16 വയസ്സുള്ളപ്പോൾ  2006 മെയ് 9 ന് ഉണ്ണികൃഷ്ണൻ ആമ്പാടി വാഹനാപകടത്തിൽ മരിച്ചു.)  


picture courtesy : Tsunami Painting by Shafiq-ur- Rehman


 

Advertisements