എ.അയ്യപ്പൻ-(ഒരെത്തിനോട്ടം)

കമ്യൂണിസത്തിന്റെ പതനം തന്നിലേല്‍പിച്ച അവബോധം അയ്യപ്പന്‍ കുറിച്ചു വയ്ക്കുന്നത്‌ ഇങ്ങനെയാണ്‌, ‘മാനിഫെസ്റ്റോ മരിക്കാതിരിക്കട്ടെ‘ എന്ന കവിതയില്‍…..

“അഭിശപ്തനായ ശത്രുവിന്റെ ആയുധം
സഖാവിനു നല്‍കുക
സ്വന്തം പുസ്തകത്തിലെ തെറ്റുകള്‍
അവര്‍ വെട്ടിമാറ്റട്ടെ”.


സ്വന്തം കപടതയുടെ മുഖാവരണം വലിച്ചുകീറുന്നതിലൂടെ നമ്മുടെ ചുറ്റുപാടും നിറഞ്ഞ കപടഭക്തിയുടെ പേജ്‌ മറിക്കുകയാണ്‌ അയ്യപ്പന്‍ ‘മുറിവ്‌’ എന്ന കവിതയില്‍….

“ചങ്ങാതി തലവച്ചപാളത്തിലൂടെ
ഞാന്‍ തീര്‍ത്ഥാടനത്തിനുപോയി
യമുന നിറയെ കണ്ണുനീര്‍
ഗംഗാജലത്തിനു ശവത്തിന്റെ രുചി
ഹിമാലയത്തില്‍
രക്തം ഘനീഭവിച്ച
മഞ്ഞുകട്ടകള്‍”.


വിശപ്പിനു മറക്കാന്‍ കഴിയുന്ന നേരും നന്മയും അയ്യപ്പന്റെ കവിതകളില്‍ നിഴലിക്കുന്നുണ്ട്‌. ഒപ്പം നമ്മുടെ യാന്ത്രികയുഗത്തിലെ നെറികേടും ‘അത്താഴം‘ എന്ന കവിതയില്‍ അയ്യപ്പന്‍ തുറന്നെഴുതുന്നത്‌ ഇങ്ങനെ…

“കാറപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്‍
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍;വിശപ്പ്‌ എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം “.


അയ്യപ്പന്‍ വിശപ്പിനെ കുറിച്ച്‌ ഇങ്ങനെ കോറിയിടുന്നു.

“തേച്ചുമിനുക്കിവച്ച വയറിനെ
ദഹനേന്ദ്രിയത്തിന്റെ
പൂച്ചക്കുഞ്ഞ്‌”.


വാര്‍ദ്ധക്യത്തിന്റെ ശാപം തൊട്ടറിഞ്ഞ പോലെ ഒരുള്‍ക്കിടലത്തോടെ അയ്യപ്പന്‍ പാടുന്നു.

“പ്രാവും പ്രളയവുമില്ലാത്ത കാലത്തെ
വീണപൂക്കളുടെ വസന്തമോ വാര്‍ദ്ധക്യം “.


നമുക്ക്‌ നഷ്ടമായപലതിനെക്കുറിച്ചും ഗൃഹാതുരത്വത്തോടെ അയ്യപ്പന്‍ ഓര്‍ക്കുന്നു.

” ആടും മയിലുമുള്ള ആരണ്യകങ്ങളെ
ആര്‍ക്കും കാണാന്‍ കഴിയാത്തകാലം
മഴമറക്കുന്ന മഴമേഘങ്ങള്‍ മാനത്ത്‌
തുലാത്തിലെ തണുപ്പറിയാത്ത മണ്ണ്‍

പ്രാര്‍ത്ഥന വറ്റുന്ന
വരണ്ട ചുണ്ടുകള്‍
ഫലസിദ്ധിയില്ലാത്ത
പഴ‌മരങ്ങള്‍
ജലയാചനയുടെ നിര്‍ദ്ധരങ്ങള്‍
ക്ഷതമേറ്റ,നിദ്രയില്ലാത്ത വാര്‍ദ്ധക്യം
മജ്ജയില്ലാത്ത രക്ഷാകര്‍തൃത്വം”.


സ്വന്തം നിഴലില്‍ നിഴലിക്കുന്ന വാര്‍ദ്ധക്യത്തെ മടുപ്പോടെ കാണുന്ന അയ്യപ്പന്‍ മരിക്കാന്‍ മനസില്ലെന്ന് തുറന്നുപറയുന്നുണ്ട്‌.

“അത്താഴമുട്ടുമായ്‌ അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായ്‌ ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസില്ലാത്തവനായി “…….

 

 

Advertisements