എ.അയ്യപ്പൻ-സായംസൂര്യൻ

അവളുടെ ജാലകത്തിലൂടെ
അസ്തമിക്കുന്ന സൂര്യനെ കാണാം.
ഇവിടെയിരുന്നാൽ
സെമിത്തേരി കാണാം.
അവളുടെ കണ്ണിലും മനസ്സിലും
അസ്തമിക്കുന്ന സൂര്യൻ.
സൂര്യന് അവളുടെ പൊട്ടിന്റെ നിറം.

സെമിത്തേരിയിൽ
കാറ്റും
ഇലകളും
പൂക്കളും.
മരിച്ചവരുടെ നാമത്തിലും കാലത്തിലും
മഞ്ഞുവീഴുന്നു.
ശാന്തി എന്ന കുരിശ്
അഞ്ചു മുറിവുകൾ അനുഭവിക്കുന്നു.

സന്ധ്യ കഴിഞ്ഞ്
രണ്ട് നക്ഷത്രങ്ങൾ ഉദിക്കുന്നു.
അവളുടെ മൂർധാവിൽ
ഒരു ചുംബനം.
എന്റെ കൈവെള്ളയിൽ
ഒരശ്രുബിന്ദു.

Advertisements