കെ. സച്ചിദാനന്ദൻ – അവിടെ


എഴുപതുകളുടെ ചോരയുണങ്ങിപ്പിടിച്ച ഒരോർമ്മ
ഗൃഹാതുരനായ ഒരു നിദ്രാടനക്കാരനെപ്പോലെ
തോൾസഞ്ചിയും തലയിൽക്കെട്ടുമായി
ബസ്തറിലെ കാടുകളിലൂടെ നടക്കുന്നു:
കനുസംന്യാലിന്റെ ആത്മഹത്യയുടെ വാർത്ത
തുലാവർഷത്തിനു മുമ്പുള്ള ഇടിമിന്നൽ പോലെ
അനാഥരുടെ ആകാശത്തിലൂടെ കടന്നുപോയ
അതേ ദണ്ഡകാരണ്യത്തിലൂടെ:
ഗോണ്ടുകളോട് മുറിഹിന്ദിയിലും
തത്തകളോട് ഇലകളുടെ ഭാഷയിലും
കുശലം പറഞ്ഞുകൊണ്ട്.
ഹിംസാഹിംസകൾ തമ്മിലുള്ള
അനന്തമായ തർക്കത്തിന് കാറ്റിന്നൊപ്പം
മലമുകളിൽ അവധിനൽകിക്കൊണ്ട്.
മന്ത്രങ്ങളാൽ ഗുഹാകവാടങ്ങൾ തുറന്ന്
രഹസ്യങ്ങളുടെ ഈറൻപച്ചയിലേക്കു നടക്കുന്ന
അവന്റെ സഞ്ചി നിറച്ചും
തോറ്റ യുദ്ധങ്ങളുടെ പാട്ടുകളാണ്.
വഴിവായനയ്ക്ക് അവനെടുത്തത്
ആത്മോപദേശശതകവും ഹിന്ദ്‌സ്വരാജും.
വിയർപ്പും രക്തവും പറ്റി കീറിപ്പോയ ചുകപ്പു പുസ്തകം
അവൻ വലിച്ചെറിഞ്ഞതായിരുന്നു.
ഓരോ ഉയിർത്തെഴുന്നെൽപ്പിലും
പാവങ്ങളുടെ ചോരയിൽനിന്നു പൊന്തിവന്ന
ഒരു സ്വേചാധിപതിയുടെ നിഴൽകാണാൻ
ചരിത്രം അവനെ ശീലിപ്പിച്ചിരുന്നു.

എങ്കിലും ഈ നിമിഷം അവൻ
പുളിമരങ്ങൾക്ക് കീഴിൽനിന്ന്
മുക്തിഗാഥകൾ പാടുന്ന ഈ കറുത്തവർക്കൊപ്പമാണ്
മുഷിഞ്ഞ പട്ടാളവേഷമണിഞ്ഞ
ഈ കരിഞ്ഞ സ്ത്രീകൾക്കൊപ്പം
അണ്ണാർക്കണ്ണ ന്മാരെപ്പോലെ വലിയ കണ്ണുകളുമായി
ചിലയ്ക്കുന്ന ഈ കാട്ടുകുഞ്ഞുങ്ങൾക്കൊപ്പം.

കാരണം, ദണ്ഡവാഡെ
വീണ്ടും വീണ്ടും മാനഭംഗം ചെയ്യപ്പെട്ട
ഒരാദിവാസി സ്ത്രീയാണ്.
ഇന്ദ്രാവതി നദി അവളുടെ രക്തം.
അവളുടെ ചിലമ്പിച്ച ശബ്ദത്തിൽപോലും
നാടുവാഴിക്കും വെള്ളക്കാരന്നുമെതിരെ
കുലച്ച വില്ലിന്റെ മുഴക്കമുണ്ട്
ആ മുയൽക്കണ്ണുകളിൽ എല്ലാ യജമാനരേയും
നോക്കി മുരളുന്ന ഒരു സിംഹിയുണ്ട്
ഇന്ന് ഇരുമ്പും പുകയിലയും പൂക്കുന്ന
സ്വന്തം വീട് തിരിച്ചുപിടിക്കാനുള്ള
അവസാനത്തെ പോരാട്ടത്തിലാണവൾ.
നാളെയേ ഇല്ലാത്തവർക്ക് കാളരാത്രികളെ ഭയമില്ല.
പട്ടിണി അവൾ നിത്യവും അന്തിയുറങ്ങുന്ന
പുൽക്കുടിൽ; അവമതി അവൾ
കൂടെ കൊണ്ടുനടക്കുന്ന ആട്ടിൻകുട്ടി:
കാട്ടുപാതകൾ സ്വന്തം കൈരേഖകൾ
ചെമ്മണ്ണ്അവൾക്ക് പൂക്കാലത്തിന്റെ പ്രാർത്ഥന പറഞ്ഞുകൊടുക്കുന്നു
പെരുമ്പറകൾ സൂര്യനിലേക്ക് വഴികാട്ടുന്നു
കുട്ടികളുടെ പൊട്ടിച്ചിരികൾ
സൽവാജുഡും തകർത്തെറിഞ്ഞ
കമ്പിവാദ്യങ്ങളോർമ്മിപ്പിക്കുന്നു
ചീവീടുകളുടെ വെള്ളച്ചാട്ടം
പ്രതീക്ഷ പഠിപ്പിക്കുന്നു
പക്ഷികളുടെ മിന്നൽപ്പിണർ
മറ്റൊരു ലോകത്തിന്റെ നൈമിഷിക ദർശനം നല്കുന്നു
പാട്ടുകളുടെ കുതിരപ്പുറത്ത്
വെയിൽതാഴ്വരകൾ താണ്ടുമ്പോൾ
തിരകളും കിരണങ്ങളും കടന്നുവരുന്ന
എഴുപതുകളുടെ ഈ അധീരനായ ഓർമ്മയെ
അവൾ അഭിവാദ്യം ചെയ്യുന്നു:
‘ലാൽ സലാം.’
പിന്നെ ചോദിക്കുന്നു:
‘അഗ്നിപർവതം താണ്ടാൻ ദണ്ഡിയിൽ നിന്നുകൊണ്ടുവന്ന
ഈ വടി മതിയാകുമോ?’
വിളറിയിടറി ഇളകുന്ന ഭൂമിയിലെന്നപോലെ
നിൽക്കുന്ന അവന് അവൾ നലകുന്നു:
കാട്ടിലകൾകൊണ്ടൊരു കിരീടം
കണ്ണീർഗോതമ്പുകൊണ്ടൊരു റൊട്ടി
പുകയിലയുടെ ചെമ്പുതംബുരു
തിരക്കിട്ടു പായുന്ന പുഴയുടെ തോലിട്ട
ഒരു ചെറുചെണ്ട
മുറിവുകൾ മറക്കാനല്പം മഹുവാവീഞ്ഞ്
ഇരുളിൽ സഞ്ചരിക്കാൻ
ആത്മാവ് കത്തിച്ചുവെച്ച ഒരു മെഴുകുതിരി
വീണ്ടും വീണ്ടും മുളയ്ക്കുന്ന ഒരു നാവ്
ഒരു പ്രാവിൻചിറക്
ഒരു പേരത്തൈ
നീതിയുടെ പിന്നെയും പിന്നെയും നിർമ്മിക്കേണ്ട ഒരുപ്പുപ്രതിമ.


http://socialistplatform.blogspot.in/2010/05/great-indian-poet-k-satchidanandan.html

Advertisements