നെരൂദ-അത്രയും ദുഃഖം നിറഞ്ഞ വരികളെഴുതാമെനിക്കിന്നു രാവിൽ…

അത്രയും ദുഃഖം നിറഞ്ഞ  വരികളെഴുതാമെനിക്കിന്നു രാവിൽ.
‘താരകൾ ചിതറിയ രാത്രി,
നീലിച്ചു തുടിയ്ക്കുന്നവ ദൂരെ,’യെന്നിങ്ങനെ.
മാനത്തു വട്ടം ചുറ്റിപ്പാടുന്നു നിശാനിലൻ.
അത്രയും ദുഃഖം നിറഞ്ഞ വരികളെഴുതാമെനിക്കിന്നു രാവിൽ.
സ്നേഹിച്ചിരുന്നു ഞാനവളെ, ചിലനേരമവളെന്നെയും.
ഈദൃശരാത്രികളിലെന്നോടണച്ചു ഞാനവളെ.
പരിധിയറ്റ മാനത്തിൻചുവട്ടിൽ വച്ചെത്ര ചുംബിച്ചു ഞാനവളെ.
അവളെന്നെ സ്നേഹിച്ചു, ചിലനേരം ഞാനവളെയും.
എങ്ങനെ സ്നേഹിക്കാതിരിക്കുമാ നിർന്നിമേഷനേത്രങ്ങളെ?
അത്രയും ദുഃഖം നിറഞ്ഞ വരികളെഴുതാമെനിക്കിന്നു രാവിൽ.
എന്നോടൊപ്പമില്ലവളെന്നോർക്കുമ്പോൾ.
എന്റെ കൈവിട്ടുപോയവളെന്നറിയുമ്പോൾ.
രാത്രി വിശാല,മവളില്ലാതതിവിശാല,മതിനു കാതോർക്കുമ്പോൾ.
ആത്മാവിൽ കവിതയിറ്റുന്നു പുൽക്കൊടിയിൽ മഞ്ഞുതുള്ളി പോൽ.
എന്റെ പ്രണയത്തിനായില്ലവളെ സ്വന്തമാക്കാനെന്നാലെന്തേ?
താരകൾ വിതറിയ രാത്രി, എന്നോടൊപ്പമില്ലവളും.
അത്രമാത്രം. ആരോ ദൂരെപ്പാടുന്നു.ദൂരെ.
അതൃപ്തമാണെന്റെയാത്മാവവൾ കൈവിട്ടുപോയതിൽ.
അവൾക്കരികിലെത്താനെന്നപോലവളെത്തിരയുകയാണെന്റെ കണ്ണുകൾ.
അവളെത്തിരയുകയാണെന്റെ ഹൃദയം, അവളില്ലെന്റെയൊപ്പം.
അതേരാത്രി, നിലാവു വീഴുമതേ മരങ്ങൾ.
അന്നത്തെയതേ നമ്മളല്ലിന്നു നാം പക്ഷേ.
ഇന്നെനിയ്ക്കവളെ സ്നേഹമില്ലെന്നതസംശയം.
എങ്കിലുമെത്രമേൽ സ്നേഹിച്ചിരുന്നു ഞാനവളെ.
അവളുടെ കാതിൽച്ചെന്നൊന്നുതൊടാൻ
കാറ്റിനെത്തേടുകയാണെന്റെ ശബ്ദം.
അന്യന്റെ,യന്യന്റെയാണവൾ; ഞാനവളെച്ചുംബിക്കും മുമ്പെന്നപോലെ.
അവളുടെ ശബ്ദം, ആ വടിവൊത്ത ദേഹ,മഗാധനേത്രങ്ങൾ..
ഇന്നെനിക്കവളെ സ്നേഹമല്ലതു തീർച്ചയെങ്കിലും
സ്നേഹിച്ചുവെന്നും വരാം ഒരുവേള ഞാനവളെ.
അത്രമേൽ ഹ്രസ്വം പ്രണയം, വിസ്മൃതിയത്ര ദീര്‍ഘവും.
ഈദൃശരാത്രികളിൽപ്പക്ഷേ എന്റെ കൈകളിലുണ്ടായിരുന്നവൾ.
അതൃപ്തമാണെന്റെയാത്മാവവൾ കൈവിട്ടുപോയതിൽ.
അവളേൽപ്പിച്ച വേദനകളിലവസാനത്തെ വേദനയിതെങ്കിലും,
അവൾക്കായി ഞാൻ കുറിയ്ക്കുമവസാനത്തെ ഗീതമിതെങ്കിലും.

(ഇരുപതു പ്രണയകവിതകള്‍-20)

(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)

Advertisements