നെരൂദ- ആരു പ്രണയിച്ചിരിക്കും നമ്മെപ്പോലെ…

ആരു പ്രണയിച്ചിരിക്കും നമ്മെപ്പോലെ?
എരിഞ്ഞുതീർന്ന ഹൃദയങ്ങളുടെ പഴംകനലുകൾ കണ്ടെടുക്കുക നാം,
ഒന്നൊന്നായവിടെക്കൊഴിക്കുക നമ്മുടെ ചുംബനങ്ങൾ,
ചിതറിപ്പോയൊരു പൂവുയിരെടുത്തുവരട്ടെ വീണ്ടും.

സ്വന്തം കനിയെ ദഹിപ്പിച്ച തൃഷ്ണയെ പ്രണയിക്കുക നാം,
മണ്ണിലടിഞ്ഞുവല്ലോ അതിന്റെ രൂപവും അതിന്റെ ശക്തിയും;
ആ തൃഷ്ണയുടെ കെടാവെളിച്ചം നാം,
അതിന്റെ നാശമടയാത്ത മൃദുലബീജം നാം.

അഗാധഹേമന്തവും, മഞ്ഞും വസന്തവും, മറവിയും ശരത്തും
കല്ലറ കെട്ടിയടക്കിയ തൃഷ്ണയ്ക്കതേകട്ടെ
പുതിയൊരാപ്പിൾപ്പഴത്തിന്റെ വെളിച്ചം,

പുതിയൊരു മുറിവു തുറക്കുന്ന പുതുമയുടെ വെളിച്ചം,
മണ്ണിലടങ്ങിയ വായകളുടെ നിത്യതയിലൂടെ
നിശ്ശബ്ദം യാത്രപോകുന്ന പ്രാക്തനമായ തൃഷ്ണ പോലെ.

(പ്രണയഗീതകം-95)

(വിവര്‍ത്തനം: പരിഭാഷ ,രവികുമാര്‍ വി )

 

Advertisements