നെരൂദ- ഒരുനാൾ നിന്റെ മാറിടം മിടിയ്ക്കാൻ മറന്നുപോയാൽ…

ഒരുനാൾ നിന്റെ മാറിടം മിടിയ്ക്കാൻ മറന്നുപോയാൽ,
നിന്റെ സിരകളിലൊഴുകുന്നതൊന്നു കെട്ടുപോയാൽ,
ചുണ്ടിൽപ്പിറന്ന സ്വരമൊരു വാക്കിലെത്താതൊടുങ്ങിയാൽ,
പറക്കാൻ മറന്നു കൈകളുറക്കം തൂങ്ങിയാൽ,

മറ്റിൽഡെ, എന്റെ പ്രിയേ, പാതി തുറന്നു വയ്ക്കുക ചുണ്ടുകൾ:
എന്നിൽത്തങ്ങിനില്ക്കണം നിന്റെ അന്ത്യചുംബനം,
നിന്റെ ചുണ്ടത്തെന്നുമതു നിശ്ചലം പറ്റിനില്ക്കണം,
എന്റെ മരണത്തിലെന്നോടൊപ്പമതു പോരണം.

ഞാൻ മരിക്കും, നിന്റെ തണുത്ത ചുണ്ടുകൾ ചുംബിച്ചും,
നിന്റെയുടലിന്റെ കരിഞ്ഞ മൊട്ടുകൾ തലോടിയും,
അടഞ്ഞ കണ്ണുകളുടെ വെളിച്ചത്തെത്തേടിയും.

പിന്നെ  നമ്മുടെ ആലിംഗനത്തെ മണ്ണു കൈയേല്ക്കുമ്പോൾ
ഒരേയൊരു  മരണത്തിലൊന്നായി നാം പോകും,
ഒരു ചുംബനത്തിന്റെ നിത്യതയിൽ ചിരഞ്ജീവികളായി.

(പ്രണയഗീതകം-93)

(വിവര്‍ത്തനം: പരിഭാഷ ,രവികുമാര്‍ വി )

 

Advertisements