നെരൂദ-നഗരമതാ, പൊയ്ക്കഴിഞ്ഞു


പിടിതരാതെ നീങ്ങുന്നു ഘടികാരത്തിന്റെ സൂചികൾ,
കരളുറപ്പോടതു തിന്നുതീർക്കുന്നു നമ്മുടെ വർഷങ്ങൾ.
ക്ഷണികമായ കുഞ്ഞുമുന്തിരിപ്പഴങ്ങളാണു നാളുകൾ,
കാലം കൊഴിച്ചിട്ട പാഴിലകൾ മാസങ്ങൾ.

ഒരു പീരങ്കിപ്പടയുടെ തടുക്കരുതാത്ത പ്രഹരത്തിൽ
വാടുന്നു, വാടിവീഴുന്നു നിമിഷം-പൊടുന്നനേയതാ,
നമുക്കു ബാക്കി ഒരു വർഷം, ഒരു ദിവസം,
ഡയറിയിൽ താളു മറിയുമ്പോൾ മരണവുമായി.

പുഴയൊഴുകുന്നതു നമ്മുടെ വരുതിക്കല്ല,
അതിനെത്തടയില്ല പ്രണയവും ചിന്തയും.
എത്ര സൂര്യന്മാരും അന്യജീവികളും കടന്നതൊഴുകിയിരിക്കുന്നു,
അതിന്റെ താളത്തിലുണ്ട് നമ്മുടെ മരണത്തിന്റെ സൂചനകൾ.

പിന്നെയൊടുവിൽ നാം തളർന്നു കാലത്തിൽ വീഴും,
നമ്മെയും കൊണ്ടതു പായും, അത്രതന്നെ.
പിന്നെ നാം മരിക്കും, നമ്മെ വലിച്ചെടുത്തു മാറ്റും,

നമുക്കു ശേഷിക്കില്ല ജീവിതം, ഇരുട്ടും, പൊടിയും, വാക്കുകളും.
നാമിനി ജീവിക്കാത്ത നഗരത്തിൽ ബാക്കിയാവും
നാമുടുത്ത വസ്ത്രങ്ങൾ, നമ്മുടെ ഗർവവും.

(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)

Advertisements