നെരൂദ – നിന്റെ കാതിൽ കേൾവിപ്പെടാൻ…

File:Otto Mueller - Liebespaar.jpg

നിന്റെ കാതിൽ കേൾവിപ്പെടാൻ
എന്റെ വാക്കുകൾ ചിലനേരം മെലിഞ്ഞു കുറുകുന്നു
നനഞ്ഞ പൂഴിയിൽ കടൽക്കാക്കകളുടെ നഖപ്പാടുകൾ പോലെ.

ഒരു മുത്തുമാല, ഉന്മത്തമായൊരു കുടമണി,
മുന്തിരിപ്പഴങ്ങൾ പോലെ മിനുസമായ നിന്റെ കൈകൾക്കവ .

അകലെയായെനിക്കു കാണാമെന്റെ വാക്കുകളെ ,
എന്റേതിനെക്കാള്‍ നിന്റേതായ വാക്കുളെ .
എന്റെ ചിരന്തനശോകത്തിൽ
വള്ളിപ്പന്ന  പോലവ പറ്റിക്കയറുന്നു.

ഈറൻ ചുമരിലെന്നപോലവ പിടിച്ചുകയറുന്നു.
ഈ ചോരക്കളിയ്ക്കപരാധി നീ തന്നെ .
എന്റെയിരുണ്ട മാളത്തിൽ നിന്നോടിയൊളിയ്ക്കുകയാണവ.
ഏതിലും നീ വന്നുനിറയുന്നു, നീ വന്നുനിറയുന്നേതിലും.

നീ വന്നു കൈയേറും മുമ്പെന്റെയേകാന്തതയിൽ
കുടിപാർത്തിരുന്നവയാണവ.
നിന്നെക്കാൾ പരിചിതം
അവയ്ക്കെന്റെ വിഷാദം.

ഞാൻ നിന്നോടു പറയേണ്ടതൊക്കെയും
അവ നിന്നോടു പറയട്ടെ,
എന്റെ ചുണ്ടുകളിൽ നിന്നു കേൾക്കും പോലെ
അവയിൽ നിന്നു നീ കേൾക്കട്ടെ.

ഹൃദയവേദനയുടെ കാറ്റുകളിന്നുമവയെ വലിച്ചിഴയ്ക്കുന്നു,
സ്വപ്നത്തിന്റെ ചണ്ഡവാതങ്ങളിന്നുമവയെ തട്ടിയിടുന്നു.
എന്റെ കദനശബ്ദത്തിൽ
നീ കേൾക്കുന്നതന്യശബ്ദങ്ങൾ.
പ്രാക്തനവദനങ്ങളുടെ വിലാപങ്ങൾ,
ചോരയൊലിക്കുന്ന പ്രാചീനയാചനകൾ.

എന്നെ സ്നേഹിക്കൂ, എന്റെ സഖീ.
തഴയരുതെന്നെ. അനുഗമിക്കെന്നെ.
ഈ പ്രാണവേദനയുടെ തിരപ്പെരുക്കത്തിൽ
എന്റെ കൂട്ടിനു നീ വരൂ.

എന്നാൽ നിന്റെ പ്രണയം പുരളുകയാണെന്റെ വാക്കുകളിൽ.
നീ കുടിയേറുന്നേതിലും,
ഏതിലും നീ കുടിയേറുന്നു.

അവ കൊണ്ടനന്തമായൊരു കണ്ഠഹാരം ഞാന്‍ കൊരുക്കട്ടെ,
മുന്തിരിപ്പഴങ്ങൾ പോലെ മിനുസമായ
നിന്റെ വെളുത്ത കൈകൾക്കായി.

(ഇരുപതു പ്രണയകവിതകൾ-5)

(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)

 

Advertisements