നെരൂദ-നിന്റെ കാലടികൾ

 

 

നിന്റെ മുഖം നോക്കാനാവാതെ വരുമ്പോൾ
നിന്റെ കാലടിയിലേക്കു നോക്കുന്നു ഞാൻ.

കമാനം പോലെല്ലു കമിഴ്ന്ന നിന്റെ കാലടികൾ,
നിന്റെയുറച്ച കുഞ്ഞുകാലടികൾ.

എനിക്കറിയാം, നിന്നെത്താങ്ങുന്നതവ,
നിന്റെ സൗമ്യഭാരമൂന്നുന്നതവയിൽ.

നിന്റെ ജഘനം, നിന്റെ മാറിടം,
നിന്റെ മുലക്കണ്ണുകളുടെ
ഇരട്ടച്ചെമലകൾ,
നിന്റെ കടാക്ഷങ്ങൾ ചിറകടിച്ചുയർന്ന
കൺകുഴികൾ,
നിന്റെ വിടർന്ന വദനഫലം,
നിന്റെ ചെമന്ന കുറുനിരകൾ,
എന്റെ കുഞ്ഞുഗോപുരം.

എന്നാലുമെനിക്കിഷ്ടം നിന്റെ കാലടികളെ,
മണ്ണും വെള്ളവും വായുവും ചവിട്ടി
എത്ര നടന്നതാണവ-
എന്നെ കണ്ടെത്തും വരെ.

(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)

Advertisements