നെരൂദ-നേരം പുലരുന്നു


നേരം പുലരുന്നു കടങ്ങൾ വയ്ക്കാതെ,
സന്ദേഹങ്ങളില്ലാതെ,
അതിൽപ്പിന്നെ
പകലു മറിയുന്നു,
ചക്രമുരുളുന്നു,
അഗ്നി രൂപം പകരുന്നു.

പുലർന്നതൊന്നും
ബാക്കിയാവുന്നില്ല,
ഭൂമി തന്നെത്തന്നെ തിന്നുതീർക്കുന്നു
മുന്തിരിപ്പഴങ്ങളൊന്നൊന്നായി,
ചങ്കിൽ ചോര വറ്റുന്നു,
വസന്തത്തിനിലകളും നഷ്ടമാവുന്നു.

ഈ നാളിൽത്തന്നെയിതൊക്കെ
വന്നുഭവിച്ചതെങ്ങനെ?
പകലിനു മണിയൊച്ചകൾ
പിശകിപ്പോയതെങ്ങനെ?
ഇനിയല്ല, ഇങ്ങനെയാണെല്ലാ-
മെല്ലാനാളുമെന്നുണ്ടോ?

എങ്ങനെ പിണയ്ക്കണം,
ചരടിന്റെയിഴ പിരിയ്ക്കണം,
നിഴലിലേക്കു തള്ളിവിടണം സൂര്യനെ?
വെളിച്ചത്തെ മടക്കണം,
പകലിനൊപ്പം വളർത്തണം രാവിനെ?
ഈ പകലാവട്ടെ ശിശു നമുക്ക്‌,
അന്തമറ്റ പുതുമ,
വീണ്ടെടുത്ത കാലത്തിന്റെ ദീപ്തി,
കടങ്ങൾക്കും സന്ദേഹങ്ങൾക്കും
മേലൊരു വിജയം;
ഒരു ശുദ്ധോദയമാകട്ടെ
നമുക്കു ജീവിതം,
ഒരു തെളിനീർച്ചോലയും.

(വിവര്‍ത്തനം: പരിഭാഷ ,രവികുമാര്‍ വി )

Advertisements