നെരൂദ- പാദം

കുട്ടിയുടെ പാദത്തിനറിയില്ലായിരുന്നു
അതൊരു പാദമാണെന്ന്,
അതിനൊരാപ്പിളായാൽ മതി,
പൂമ്പാറ്റയായാൽ മതി.
കാലം പോകെപ്പക്ഷേ,
കല്ലുകളും കുപ്പിച്ചില്ലുകളും,
തെരുവുകളും, ഗോവണികളും,
കടുംനിലത്തെപ്പാതകളും
പാദത്തെപ്പഠിപ്പിക്കുന്നു
അതിനു പറഞ്ഞിട്ടുള്ളതല്ല
പറക്കലെന്ന്,
ചില്ലയിൽ മുഴുക്കുന്ന പഴമാകാ-
നതിനാവില്ലെന്ന്.
അങ്ങനെ
കുട്ടിയുടെ പാദം പരാജയമടയുന്നു,
യുദ്ധത്തിൽ തോൽക്കുന്നു,
ഒരു ഷൂസിനുള്ളിൽ തടവുകാരനാവാൻ
വിധിക്കപ്പെടുന്നു.
പതിയെപ്പതിയെ,
ആ ഇരുട്ടിനുള്ളിൽ,
തന്റെ വഴിയ്ക്കു ലോകത്തെയറിഞ്ഞ്‌
അതു വളരുന്നു,
മറ്റേപ്പാദത്തെ കാണാതെ,
കെട്ടിമൂടി,
ഒരു കണ്ണുപൊട്ടനെപ്പോലെ
തപ്പിയും തടഞ്ഞും.
സ്ഫടികക്കല്ലിന്റെ മൃദുനഖങ്ങൾ,
നിരയൊത്തു നിന്നവ,
അവ പിന്നെ കടുപ്പം വയ്ക്കുന്നു,
വെട്ടം കടക്കാത്ത വസ്തുവാകുന്നു,
കൊമ്പിന്റെ കട്ടിയാവുന്നു.
ഇതൾ പോലത്തെ കുഞ്ഞുനഖങ്ങൾ
തമ്മിലൊട്ടിയും മിനുസ്സമറ്റും വളരുന്നു,
ത്രികോണത്തലയുള്ള വിരകളാവുന്നു,
കണ്ണില്ലാത്ത
ഇഴജന്തുവിന്റെ രൂപമെടുക്കുന്നു.
പിന്നെയവയിൽ
തഴമ്പു വീഴുന്നു,
മരണത്തിന്റെ ലാവയൊഴുകുന്ന കുഞ്ഞുപർവ്വതങ്ങൾ
അവയെ മൂടുന്നു;
മനസ്സിനു പിടിയ്ക്കില്ല
ആ കല്ലിപ്പ്‌.
കണ്ണില്ലാത്ത ആ വസ്തു പക്ഷേ,
വിശ്രമമെടുക്കാതെ നടക്കുന്നു,
നിൽക്കാതെ നടക്കുന്നു,
ഒരു പാദം,
മറ്റേപ്പാദം,
ആണിന്റെ പാദം,
പെണ്ണിന്റെ പാദം,
മുകളിൽ,
താഴെ,
പാടങ്ങളിൽ, ഖനികളിൽ,
അങ്ങാടികളിൽ, പള്ളികളിൽ,
പിന്നിലേക്ക്‌,
അകലയ്ക്ക്‌,
ഉള്ളിലേക്ക്‌,
മുന്നിലേക്ക്‌
ഷൂസിനുള്ളിൽക്കിടന്നു കഷ്ടപ്പെടുന്നു
ഈ പാദം,
അതിനു നേരം കിട്ടുന്നില്ല
പ്രണയത്തിലോ ഉറക്കത്തിലോ
തന്നെയൊന്നു വെളിവാക്കാൻ;
അതു നടക്കുന്നു, അവ നടക്കുന്നു
ഇനി നിൽക്കാമെന്ന്
മൊത്തം മനുഷ്യനു തോന്നുംവരെ.
പിന്നെയതു ഭൂമിക്കടിയിലേക്കിറങ്ങി,
അതിനൊന്നുമറിയുന്നില്ല-
അവിടെ എല്ലാം ഇരുണ്ടു കിടക്കുന്നു.
അതറിയുകയില്ല,
അതിനി പാദമല്ലെന്ന്,
അതിനു പറക്കാനായി
അതിനൊരാപ്പിളാകാനായി
അതിനെ കുഴിച്ചിട്ടതാണോയെന്നും.

(വിവര്‍ത്തനം: പരിഭാഷ ,രവികുമാര്‍ വി )

Advertisements