നെരൂദ-പ്രണയം

നിന്നാലത്രേ,
പൂ വിടരുന്ന പൂവനങ്ങളിൽ
വസന്തത്തിന്റെ പരിമളമേറ്റു നൊന്തു ഞാൻ.
എനിക്കോർമ്മയിലില്ല നിന്റെ മുഖം,
എനിക്കോർമ്മയിലില്ല നിന്റെ കൈകൾ;
നിന്‍റെ ചുണ്ടുകളെന്റെ ചുണ്ടുകളിൽ പെരുമാറിയതേതു മാതിരി?

നിന്നാലത്രേ,
ഉദ്യാനങ്ങളിൽ മയങ്ങുന്ന വെണ്ണക്കൽപ്രതിമകളെ
ഞാൻ പ്രണയിച്ചു.
ഉരിയാട്ടമില്ലാത്ത, നോട്ടവുമില്ലാത്ത പ്രതിമകളെ.

എനിക്കോർമ്മയിലില്ല നീയാനന്ദിക്കുന്ന ശബ്ദം,
എനിക്കോർമ്മയിലില്ല നിന്റെ കണ്ണുകൾ.

പൂവു പരിമളത്തോടെന്ന പോലെ
നിന്റെ മങ്ങിയൊരോർമ്മയിൽ പിണഞ്ഞവൻ ഞാൻ.
എന്നെത്തൊടരുതേ,
നീ തൊടുന്നതെന്റെ ജീവിതത്തിന്റെ നീറ്റുന്ന മുറിവായയിൽ.

നിന്റെ ലാളനകളെന്നെപ്പുണരുന്നു
വിഷാദത്തിന്റെ ചുമരുകളിൽ പടർന്നുകേറുന്ന മുല്ല പോലെ.

എനിക്കോർമ്മയിലില്ല നിന്റെ പ്രണയം,
എന്നാലുമോരോരോ ജാലകത്തിലുമെനിക്കു കാണാം
നിന്റെ നിമിഷദർശനം.

നിന്നാലത്രേ,
ഉന്മത്തഗ്രീഷ്മത്തിന്റെ പരിമളങ്ങൾ എന്നെ നീറ്റുന്നു.
നിന്നാലത്രേ,
തിരഞ്ഞുതിരഞ്ഞു ഞാൻ പോകുന്നു
തൃഷ്ണയുടെ തീയാളിക്കുന്ന ചിഹ്നങ്ങളെ:
കൊള്ളിമീനുകളെ, വീഴുന്ന വസ്തുക്കളെ.

(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)

Advertisements