നെരൂദ-പ്രപഞ്ചത്തിന്റെ വെളിച്ചമൊത്തു കളിയാടുന്നു നീ നിത്യവും…

പ്രപഞ്ചത്തിന്റെ വെളിച്ചമൊത്തു കളിയാടുന്നു നീ നിത്യവും.
കണ്ണില്പ്പെടാത്ത വിരുന്നുകാരീ, വന്നെത്തുന്നു നീ പൂവിൽ, ജലത്തിലും.
നിത്യവുമൊരു പൂങ്കുല പോലെന്റെ കൈകളിൽ ഞാൻ കോരിയെടുക്കുന്ന
ഈ ശിരസ്സു മാത്രമല്ലെനിക്കു നീ.

ആരെപ്പോലെയുമല്ല നീ, നിന്നെ ഞാൻ പ്രേമിക്കുന്നുവെന്നതിനാൽ.
മഞ്ഞപ്പൂക്കൾ വിതറി,യതിന്മേൽ നിന്നെക്കിടത്തട്ടെ ഞാൻ.
ആരു നിന്റെ പേരെഴുതുന്നു ദക്ഷിണധ്രുവതാരകൾക്കിടയിൽ ധൂമ്രലിപികളിൽ?
ജനിക്കും മുമ്പേ നിന്റെ സ്വരൂപമെന്തെന്നോർമ്മിച്ചെടുക്കട്ടെ ഞാൻ.

ഇതാ, കാറ്റോരിയിടുന്നു, അടച്ചിട്ട ജനാലയിലാഞ്ഞിടിക്കുന്നു.
ഇരുളിന്റെ മീനുകൾ കൊണ്ടു പള്ള വീർത്ത വലയാണിന്നാകാശം.
കാറ്റുകളൊന്നൊഴിവില്ലാതെ വന്നുകൂടുകയാണിവിടെ.
ഉടയാടയുരിയുന്നു മഴമേഘങ്ങൾ.

കിളികൾ പാഞ്ഞൊളിക്കുന്നു.
കാറ്റടിയ്ക്കുന്നു. കാറ്റടിയ്ക്കുന്നു.
എനിക്കു ചെറുക്കാനാവുക മനുഷ്യന്റെ കരുത്തു മാത്രം.
കൊടുങ്കാറ്റടിച്ചുപായിക്കുന്നു ഇരുളിന്റെ പാഴിലകളെ,
കെട്ടഴിച്ചുവിടുന്നു പോയ രാത്രിയിൽ മാനത്തെ കടവണഞ്ഞ തോണികളെ.

എന്റെയൊപ്പമിരിക്കുവോളെ, എന്നെ വിട്ടോടിപ്പോകരുതേ.
എന്റെയവസാനരോദനത്തിനും നീ വിളി കേൾക്കേണമേ.
ഭയന്നിട്ടെന്നപോലെന്നെ പൂണ്ടടക്കം പിടിക്കുക.
എന്നിട്ടുമെന്തേ നിന്റെ കണ്ണുകളിൽ ഒരു നിഴലാട്ടം?

എന്റെയോമനേ, നീ കൊണ്ടുവരുന്നു ഇത്തിൾക്കണ്ണിപ്പൂവുകൾ,
അതിന്റെ മണം പുരളുന്നു നിന്റെ മുലകളിലും.
പൂമ്പാറ്റകളെ കൊല ചെയ്തും കൊണ്ടു വിഷാദിയായ കാറ്റു കുതിയ്ക്കുമ്പോൾ
നിന്നെയോമനിക്കുന്നു ഞാൻ, നിന്റെയധരത്തിന്റെ മധുരക്കനിയിൽ ഞാൻ പല്ലുകളാഴ്ത്തുന്നു.

എത്ര സഹിച്ചിരിക്കും നീ, എന്നോടിണങ്ങാൻ,
എന്റെ ഒറ്റയാൻ കാട്ടാളഹൃദയത്തോടിണങ്ങാൻ,
കേട്ടാലാരുമോടിയൊളിയ്ക്കുന്ന എന്റെ പേരിനോടിണങ്ങാൻ.
എത്ര വട്ടം കണ്ടു നാം, നമ്മുടെ കണ്ണുകളെ ചുംബിച്ചുംകൊണ്ടെരിയുന്ന ഉദയതാരത്തെ,
നമ്മുടെ തലയ്ക്കു മേൽ വിശറി പോൽ വിരിയുന്ന സാന്ധ്യവെളിച്ചത്തെ.

നിന്നെത്തഴുകി, നിന്റെ മേൽ വർഷിച്ചു ഞാനെന്റെ വാക്കുകൾ.
എത്ര നാളായി പ്രണയിക്കുന്നു ഞാൻ നിന്റെയുടലിന്റെ വെയിൽ വാട്ടിയ ചിപ്പിയെ.
എന്റെ വിചാരം പ്രപഞ്ചത്തിനുടമ നീയെന്നും.

നിനക്കെത്തിക്കാം ഞാൻ മലകളിൽ നിന്നും ആഹ്ളാദത്തിന്റെ പൂക്കൾ,
മണിപ്പൂവുകൾ, ഹെയ്സൽക്കായകൾ, ചൂരൽക്കൂട നിറയെ ചുംബനങ്ങൾ.
വസന്തം ചെറിമരത്തോടു ചെയ്യുന്നത്
എനിക്കു നിന്നോടും ചെയ്യണം.

ഇരുപതു പ്രണയകവിതകള്‍-14

(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)

Advertisements