നെരൂദ – മംഗളം

 

മഞ്ഞുകാലത്തൊരുനാൾ
ദ്വീപിൽ നാമെത്തിപ്പെട്ടതോർക്കുന്നുവോ നീ?
ശൈത്യം കൊണ്ടൊരു കിരീടവുമായി
നമ്മെയെതിരേൽക്കാൻ കടലുയർന്നുവന്നിരുന്നു.
ചുമരുകൾ നാം കടന്നുപോവുമ്പോൾ
മുന്തിരിവള്ളികൾ പഴുക്കിലകൾ കൊഴിച്ചും കൊണ്ടടക്കം പറഞ്ഞിരുന്നു.
എന്റെ നെഞ്ചത്തു വിറപൂണ്ടു പറ്റിച്ചേർന്നുകിടന്ന
കുഞ്ഞിലയായിരുന്നു നീയും.
ജീവിതത്തിന്റെ കാറ്റടിച്ചുകൊണ്ടു വന്നിട്ടതാണവിടെയതിനെ.
ആദ്യമാദ്യം നിന്നെ ഞാൻ കണ്ടില്ല;
എന്നോടൊത്തു ചുവടുവയ്ക്കുകയാണു നീയെന്നും;
ഞാനതറിയുന്നതു
നിന്റെ വേരുകൾ എന്റെ നെഞ്ചിൽ തുരന്നിറങ്ങിയതിൽപ്പിന്നെ,
എന്റെ ചോരയുടെ നാരുകളിലതു പിണഞ്ഞതിൽപ്പിന്നെ,
എന്റെ നാവിലൂടതൊച്ചപ്പെട്ടതിൽപ്പിന്നെ,
എന്നോടൊത്തതു പുഷ്ടിപ്പെട്ടതിൽപ്പിന്നെ.
അപ്രകാരമനവധാനമായൊരു സാന്നിദ്ധ്യമായിരുന്നു നീ,
അദൃശ്യമായൊരിലയും ചില്ലയുമായിരുന്നു നീ,
കനികളും കിളിമൊഴികളും കൊണ്ടെന്റെ നെഞ്ചു നിറഞ്ഞതുമാവിധം.
ഇരുളടഞ്ഞു നിന്നെയും കാത്തുകിടന്നൊരു കൂരയിൽ നീ വന്നുകേറി;
പിന്നെ വിളക്കുകളോരോന്നായി നീ കൊളുത്തി.
നീയോർക്കുന്നുവോ പ്രിയേ,
ദ്വീപിലാദ്യമായി നാം വച്ച ചുവടുകൾ?
പരിചിതരായിരുന്നു നാം
നിറം വിളർത്ത കല്ലുകൾക്ക്,
മഴക്കുത്തുകൾക്ക്,
ഇരുട്ടിൽ കാറ്റിന്റെ കൂക്കിവിളികൾക്കും.
നമുക്കൊരേയൊരു ചങ്ങാതി പക്ഷേ,
അഗ്നിയായിരുന്നു.
അതിനരുകിലിരുന്നു നാലു കൈകളാൽ
മധുരിക്കുന്ന പ്രണയത്തിന്റെ ഹേമന്തത്തെ നാം പുണർന്നു.
നമ്മുടെ നഗ്നചുംബനം വളരുന്നതും
അദൃശ്യനക്ഷത്രങ്ങളെച്ചെന്നു തൊടുന്നതുമതു കണ്ടു,
ശോകം പിറവിയെടുക്കുന്നതും
അജയ്യമായ പ്രണയത്തിനു മുന്നിൽ
മുനയൊടിഞ്ഞ വാളു പോലെ മരിക്കുന്നതുമതു കണ്ടു.
എന്റെ നിഴലത്തു കിടന്നുറങ്ങിയവളേ,
നീയോർക്കുന്നുവോ,
ഇരുമകുടങ്ങളുമായി കാറ്റിനും കടലിനും നേർക്കു തുറന്ന മാറിടത്തിൽ നിന്നു
നിന്റെ മേൽ നിദ്ര പടർന്നുകേറുന്നതും,
നിന്റെ സ്വപ്നത്തിൽ സ്വച്ഛന്ദനായി ഞാനലഞ്ഞതും,
നിന്റെ മാധുര്യത്തിന്റെ നീലരാശിയിൽ ഞാൻ മുങ്ങിത്താണതും?
എന്റെയോമനേ, എന്റെയോമനേ,
വസന്തം മാറ്റിപ്പണിതുവല്ലോ
ദ്വീപിന്റെ ചുമരുകളാകെ.
പാടലരക്തത്തിന്റെ ഒരു തുള്ളി പോലെ
ഒരു പൂവവതരിക്കുന്നു,
പിന്നെ നേരുറ്റ നിറങ്ങളൊന്നൊന്നായി വിടരുന്നു.
കടലതിന്റെ സുതാര്യത പിടിച്ചുവാങ്ങുന്നു,
മാനത്തിരുട്ടിന്റെ പൂങ്കുലകൾ തെളിയുന്നു,
പ്രപഞ്ചത്തിലോരോന്നുമടക്കം പറയുന്നതു
നമ്മുടെ പ്രണയത്തിന്റെ പേരുകൾ,
കല്ലും കല്ലും മന്ത്രിക്കുന്നതു
നമ്മുടെ പേരും ചുംബനവും.
കല്ലിന്റെയും പന്നലിന്റെയും ദ്വീപു മാറ്റൊലിക്കൊള്ളുന്നു
നിന്റെ നാവു പാടുന്ന പാട്ടുകൾ പോലെ
ഗുഹാഗർഭങ്ങളുടെ രഹസ്യത്തീൽ,
കല്ലുകളുടെ വിടവുകൾക്കിടയിൽ പിറവിയെടുത്ത കുഞ്ഞുപൂവു
ജീവൻ വെടിയും മുമ്പു മന്ത്രിക്കുന്നതു നിന്റെ നാമം,
ലോകത്തിന്റെ മതിലു പോലുയരുന്ന പാറക്കെട്ടിനും
എന്റെ പാട്ടു പരിചയമായിരുന്നു പ്രിയേ,
വസ്തുക്കൾ സർവതിനും സംസാരവിഷയം
എന്റെ പ്രണയം, നിന്റെ പ്രണയം, പ്രിയേ,
മണ്ണും, കാലവും, കടലും, ദ്വീപും,
ജീവിതവും, കടലിന്റെയേറ്റിറക്കങ്ങളും,
മണ്ണിൽ വീണു ചുണ്ടു പാതി തുറക്കുന്ന വിത്തും,
വിഴുങ്ങുന്ന പൂവും,
വസന്തത്തിന്റെ ചലനങ്ങളും
നമ്മെയറിഞ്ഞിരുന്നുവല്ലോ പ്രിയേ.
നമ്മുടെ പ്രണയം പിറവിയെടുത്തതു
ചുമരുകൾക്കു വെളിയിൽ,
കാറ്റത്തും,
ഇരുട്ടത്തും,
മണ്ണിൽക്കിടന്നും,
അതിനാലത്രേ പൂവും കളിമണ്ണും,
ചെളിയും വേരുകളും
നിന്റെ പേരറിയുന്നതും,
എന്റെ ചുണ്ടുകൾ നിന്റെ ചുണ്ടുകളിൽ
പിണഞ്ഞുവെന്നുമറിയുന്നതും,
അവയ്ക്കറിയാം,
മണ്ണിൽ നമ്മെ വിതച്ചതൊരുമിച്ചെന്ന്,
നമുക്കു മാത്രമതറിയില്ലെന്ന്,
നാം വളരുന്നതൊരുമിച്ചെന്ന്,
പൂവിടുന്നതൊരുമിച്ചെന്ന്,
അതിനാൽ നമ്മുടെ കാലം കഴിയുമ്പോൾ
കല്ലിൽ വിടർന്ന പനിനീർപ്പൂവിന്റെയിതളിൽ
നിന്റെ പേരുണ്ടാവുമെന്ന്,
ഗുഹകൾക്കുള്ളിൽ എന്റെ പേരുണ്ടാവുമെന്ന്.
എല്ലാമവയ്ക്കറിയാം,
രഹസ്യങ്ങൾ നമുക്കില്ല,
ഒരുമിച്ചു വളർന്നിട്ടും
നമുക്കതറിവുമില്ല.
കടലിനറിയാം നമ്മുടെ പ്രണയം,
പാറക്കെട്ടുകൾക്കറിയാം
നമ്മുടെ ചുംബനങ്ങളിൽ വിടരുന്ന നൈർമ്മല്യം,
തങ്ങളുടെ പിളർപ്പിൽ
ഒരു ചുവന്ന വദനമുദയം കൊള്ളുന്നതവയറിയുമല്ലോ.
എന്റെ ചുണ്ടും നിന്റെ ചുണ്ടും ചേർന്നു
നിത്യപുഷ്പമൊന്നു വിടരുന്നതുമതുപോലെ.
എന്റെ പ്രിയേ,
വസന്തവും കടലും പൂക്കളും
നമ്മെ വലയം ചെയ്യുന്നു.
എന്നാലും നമുക്കീ ഹേമന്തം മതി.
ഈ ഹേമന്തത്തിലല്ലേ,
കാറ്റു നിന്റെ പേരു വായിച്ചെടുത്തതും,
പിന്നെയേതു നേരവും നാവത്തതുമായി നടന്നതും,
നീയുമൊരിലയാണെന്നിലകൾക്കറിയാതിരുന്നതും,
എന്റെ നെഞ്ചിൽ നീയെന്നെത്തേടുകയാണെന്നു
വേരുകൾക്കറിയാതിരുന്നതും?
പ്രിയേ, പ്രിയേ,
വസന്തം നമുക്കാകാശം കാഴ്ച വയ്ക്കുന്നു,
എന്നാൽ നമ്മുടെ പേരെഴുതിയിരിക്കുന്നത്
ഈ കറുത്ത മണ്ണിൽ,
എല്ലാ കാലത്തിനും മണ്ണിനുമുള്ളതാണു
നമ്മുടെ പ്രണയം.
അന്യോന്യം പ്രണയിച്ചും,
നിന്റെ കഴുത്തിന്റെ പൂഴിമണ്ണിനടിയിൽ
എന്റെ കൈ വച്ചും നാം നോക്കിക്കാണും
ദ്വീപിൽ മണ്ണും കാലവും മാറുന്നതും,
ഉരിയാട്ടമില്ലാതെ പടർന്നുകേറുന്ന വല്ലികളിൽ നിന്നു
പഴുക്കിലകൾ കൊഴിയുന്നതും,
പൊട്ടിയ ജാലകത്തിലൂടെ
ശരത്കാലം വിട പറഞ്ഞുപോകുന്നതും.
ഇനി നാം കാത്തിരിക്കാൻ പോവുകയാണു
നമ്മുടെ ചങ്ങാതിയെ,
നമ്മുടെ ചോരക്കണ്ണൻ ചങ്ങാതിയെ,
അഗ്നിയെ;
കാറ്റു ദ്വീപിന്റെ വേലികൾ പിടിച്ചു കുലുക്കട്ടെ,
അതിനാരുടെയും പേരുകളറിയാതെയുമിരിക്കട്ടെ;
ഹേമന്തം നമ്മെത്തേടിയെത്തും,
എന്നുമെന്നുമതു നമ്മെത്തേടിയെത്തും പ്രിയേ,
നമുക്കതിനെ അറിയുമല്ലോ,
നമുക്കതിനെ പേടിയുമില്ലല്ലോ,
അഗ്നി നമ്മോടൊപ്പമുണ്ടല്ലോ,
വല്ലികളിൽ നിന്നൊരില വീഴുമ്പോൾ
നമുക്കറിയാം
അതിലെഴുതിയിക്കുന്നതേതു പേരെന്ന്,
എന്റെയും നിന്റെയുമായ ഒരു പേര്‌,
നമ്മുടെ സ്നേഹപ്പേര്‌,
ഒരൊറ്റ ജീവിതം,
ഹേമന്തം തുളച്ചുകയറിയൊരമ്പ്,
അധൃഷ്ടമായ പ്രണയം,
പകലുകളുടെ അഗ്നി,
എന്റെ നെഞ്ചിൽ നിന്നടർന്നുവീണ ഒരില,
കൂടും പാട്ടും പണിത,
വേരുകളിറക്കിയ,
പൂക്കളും കനികളും നല്കിയ
ജീവിതവൃക്ഷത്തിൽ നിന്നൊരില.
അതിനാൽ നോക്കൂ, പ്രിയേ,
ദ്വീപിൽ ഞാനലയുന്നത്,
ലോകത്തു ഞാനലയുന്നത്,
വസന്തത്തിനിടയിൽ സുരക്ഷിതനായി,
തണുപ്പത്തു വെളിച്ചം കൊണ്ടു ഭ്രാന്തനായി,
ചൂടറിയാതെ തീയിലൂടെ ഞാൻ നടക്കുന്നത്,
കൈകളിൽ നിന്റെ പൂവിതൾഭാരമെടുത്തും,
നീയൊപ്പമില്ലാതെ ഞാൻ നടന്നിട്ടില്ലെന്നപോലെ,
നീയൊപ്പമില്ലാതെനിക്കു
നടക്കാനാവതില്ലെന്ന പോലെ,
നീയൊപ്പം പാടുമ്പോഴല്ലാതെനിക്കു
പാടാനാവില്ലെന്ന പോലെ.

(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)

Advertisements