നെരൂദ – മഞ്ഞുകാലത്തു നടന്നത്

ആ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
അവിടെയ്ക്കെന്നെ ക്ഷണിച്ചതാണ്‌,
ഒരു കേട്ടുകേൾവിയാണെന്നെ ക്ഷണിച്ചതും,
അലഞ്ഞുനടന്ന വെറുമൊരുൾക്കമ്പം;
സ്വീകരണമുറി ശൂന്യമായിരുന്നു,
തുള വീണ പരവതാനി അവജ്ഞയോടെ എന്നെ നോക്കി.

അലമാരകൾ തകർന്നുകിടന്നിരുന്നു.

പുസ്തകങ്ങൾക്കു ശരൽക്കാലമായിരുന്നു,
അവ പാറിവീഴുകയായിരുന്നു, ഇലകളോരോന്നായി.
ശോകം മുറ്റിയ അടുക്കളയിൽ
നിറം വിളർത്തു പറന്നുനടന്നിരുന്നു,
തളർന്നും വിഷാദിച്ചും ചില കടലാസുകൾ,
ചത്തുപോയ ഒരുള്ളിയുടെ ചിറകുകൾ.

ഒരു കസേര എന്റെ പിന്നാലെ വന്നു,
സാധുവായൊരു മുടന്തൻകുതിരയെപ്പോലെ,
വാലും കുഞ്ചിരോമവും കൊഴിഞ്ഞ്,
വിഷാദം തോന്നുന്ന മൂന്നു കുളമ്പുകളുമായി;
മേശ മേൽ ചാരി ഞാൻ നിന്നു,
അവിടമായിരുന്നല്ലോ ആഹ്ളാദങ്ങൾക്കിടം,
അപ്പത്തിനും, വീഞ്ഞിനും, സൂപ്പിനും,
ഉടയാടകളുമായുള്ള സംഭാഷണങ്ങൾക്കും,
പലപല ചടങ്ങുകൾക്കും,
ഹൃദയം തുറക്കുന്ന സന്ദർഭങ്ങൾക്കും;
മേശയ്ക്കു പക്ഷേ മൗനമായിരുന്നു,
അതിനു നാവില്ലെന്നപോലെ.

നിശ്ശബ്ദത ഞാൻ മുറിച്ചപ്പോൾ
കിടപ്പുമുറികൾ ഞെട്ടിയുണർന്നു.
അവ പരിത്യക്തമായിരുന്നു,
തങ്ങളുടെ വ്യഥകളും സ്വപ്നങ്ങളുമായി;
അവിടെ കിടന്നവരും
ഉറക്കം വരാതെ കിടന്നിരിയ്ക്കണം.
അവിടെ നിന്നവർ മരണത്തിലേക്കു പോവുകയായിരുന്നു;
മെത്തകൾ വാരിവലിച്ചിട്ടിരുന്നു,
മുങ്ങിത്താഴുന്ന കപ്പലുകൾ പോലെയായിരുന്നു
കിടപ്പുമുറികൾ.

തോട്ടത്തിൽ ഞാൻ ചെന്നിരുന്നു,
മഞ്ഞിന്റെ പെരുംതുള്ളികൾ
എന്റെ മേൽ വീണിരുന്നു;
അത്രയൊക്കെ വിഷാദത്തിനടിയിലും,
പൊടിഞ്ഞുതീരുന്ന ഏകാന്തതയ്ക്കടിയിലും,
വേരുകൾ പണിയെടുക്കുയാവണം,
പ്രോത്സാഹിപ്പിക്കാനാരുമില്ലതെ.

ഉടഞ്ഞ ചില്ലുകൾക്കിടയിൽ,
അഴുക്കു പറ്റിയ കുമ്മായത്തിനിടയിൽപ്പക്ഷേ,
ഒരു പൂവു വിരിയുകയായിരുന്നു;
വസന്തമതിന്റെ അഭിലാഷങ്ങൾ ത്യജിക്കില്ല,
ആരതിനെ പുച്ഛിച്ചാലും.

ഞാനവിടെ നിന്നിറങ്ങുമ്പോൾ
ഒരു കതകു ഞരങ്ങി,
കാറ്റു തട്ടിയ ഏതോ ജനാലകൾ ചിനയ്ക്കുകയായിരുന്നു,
തങ്ങൾക്കുമവിടം വിടണമെന്നപോലെ,
മറ്റേതോ രാഷ്ട്രത്തിലേക്ക്,
മറ്റേതോ ഹേമന്തത്തിലേക്ക്,
വെളിച്ചത്തിനും ജനാലപ്പടുതകൾക്കും
ബിയറിന്റെ നിറമായൊരിടത്തേക്ക്.

ഞാനെന്റെ ചെരുപ്പുകളെ തിടുക്കപ്പെടുത്തി,
അവിടെയിരുന്നു ഞാനുറങ്ങിപ്പോയെങ്കിൽ,
അവയൊക്കെ എന്നു വന്നു മൂടിയെങ്കിൽ
എന്തു ചെയ്യണമെന്നെനിക്കറിയാതെ പോകുമായിരുന്നു.
ഞാനവിടെ നിന്നു പലായനം ചെയ്തു,
കാണരുതാത്തതു കണ്ടൊരന്യനെപ്പോലെ.
അതിനാൽ ഞാനാരോടും മിണ്ടിയിട്ടില്ല
ഇങ്ങനെയൊരു സന്ദർശനത്തെപ്പറ്റി-
അങ്ങനെയൊരു വീടുമില്ല,
എനിക്കാരെയുമറിയുകയുമില്ല,
ഈ കഥ സത്യവുമല്ല.

ഹേമന്തത്തിന്റെ ഗ്ളാനികളിങ്ങനെ.

 

(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)

Advertisements