നെരൂദ – മനസ്സാശ്വസിക്കുന്നു പ്രിയേ…

File:Heinrich Zille Otto hält ein Nickerchen.jpg

മനസ്സാശ്വസിക്കുന്നു പ്രിയേ, രാത്രിയിലരികിൽ നീയുണ്ടെന്നറിയുമ്പോൾ;
കെട്ടുപിണഞ്ഞ വലകൾ പോലെന്റെ വേവലാതികൾ ഞാൻ കുരുക്കഴിക്കുമ്പോൾ
നിന്റെ സ്വപ്നങ്ങളിൽ പോയിമറയുന്നു നീ,
രാത്രിയുടെ ഗഹനതയിലേക്കാഴുന്നു നീ.

പിൻവലിഞ്ഞു നിന്റെ ഹൃദയം സ്വപ്നത്തിൽ പ്രയാണം പോകുമ്പോൾ,
പരിത്യക്തമായ നിന്റെയുടൽ ശ്വാസമെടുക്കുന്നു,
കണ്ണു കാണാതെയെന്നെത്തേടുന്നു,
ഇരുട്ടത്തൊരു ചെടി പോലെന്റെ നിദ്രയിൽ തെഴുക്കുന്നു.

പിന്നെ നാളെയുണരുമ്പോൾ മറ്റൊരാളാവുന്നു നീ;
രാത്രിയുടെ നഷ്ടസീമകളിൽ നിന്നെന്നാൽ നമ്മിൽ ശേഷിക്കുന്നുണ്ടെന്തോ,
നാമന്യോന്യം കണ്ടുമുട്ടിയ ബോധാബോധങ്ങളുടെ ദേശത്തു നിന്നെന്തോ:

ജീവിതത്തിന്റെ വെളിച്ചത്തിൽ നമ്മെയൊരുമിപ്പിക്കുന്നതത്,
രാത്രിയതിന്റെ രഹസ്യജീവികളിൽ
പൊള്ളിച്ചു ചാപ്പ കുത്തുന്നതുമത്.

പ്രണയഗീതകം – 83

(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)

Advertisements