നെരൂദ- മരം പിളർക്കുന്ന മിന്നൽപ്പിണർ നിന്റെ ചിരി…

മരം പിളർക്കുന്ന മിന്നൽപ്പിണർ നിന്റെ ചിരി:
ഒരു വെള്ളിടിയെറ്റിവിടുന്നു മാനം,
ഒരു മരത്തലപ്പിലതു കുറിയ്ക്കു കൊള്ളുന്നു,
ഒറ്റ വാൾവീശൽ പോലതു മരം പിളർക്കുന്നു.

മലനാട്ടിലെ മഞ്ഞത്തുമിലച്ചിലുകളിലുമേ പ്രിയേ,
നിന്റെ ചിരി പോലൊന്നു പിറവിയെടുക്കൂ;
ഉന്നതങ്ങളിൽ കെട്ടഴിഞ്ഞു ചിതറുന്ന വായുവിൽ
അരൗക്കേനിയൻ ചിട്ട പോലെ നിന്റെ ചിരി.

എന്റെ മലനാട്ടുകാരീ, ചീഹ്വാനിലെ തെളിഞ്ഞ പെണ്ണേ,
നിന്റെ ചിരിവാളരിഞ്ഞു വീഴ്ത്തട്ടെ
നിഴലുകളെ, രാത്രിയെ, പുലരിയെ, തേനിറ്റുന്ന നട്ടുച്ചയെ:

നിന്റെ ചിരിയൊരാർഭാടവെളിച്ചം പോലെ
ജീവിതവൃക്ഷത്തിന്മേലാഞ്ഞുപതിക്കുമ്പോൾ
മാനത്തേക്കു കുതികൊള്ളട്ടെ കിളികളതിൽ നിന്നും.

 

അരൗക്കേനിയ-മറ്റിൽഡേയുടെ(നെരൂദയുടെ ഭാര്യ) ജന്മദേശം
ചീഹ്വാൻ-കൃഷിക്കു പേരു കേട്ട ചിലിയൻ ദേശം

(പ്രണയഗീതകം-51)

(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)

Advertisements