നെരൂദ-മരണം മാത്രം

ഏകാന്തമായ സിമിത്തേരികളുണ്ട്‌,

ഒച്ച വറ്റിയ എല്ലുകൾ നിറഞ്ഞ കുഴിമാടങ്ങളുണ്ട്‌,
ഇരുണ്ടിരുണ്ടിരുണ്ട തുരങ്കം നൂഴുന്നു ഹൃദയം;
കപ്പൽച്ചേതത്തിലെന്ന പോലെ
നാം മരിക്കുന്നതുള്ളിലേക്ക്‌,
സ്വന്തം ഹൃദയങ്ങളിൽ മുങ്ങിച്ചാവുന്നു നാം,
ചർമ്മത്തിൽ നിന്നാത്മാവിലേക്കിടിഞ്ഞു വീഴുന്നു നാം.

ശവങ്ങളുണ്ട്‌,
തണുത്തൊട്ടുന്ന ചെളിയിൽപ്പണിത
ചുവടുകളുണ്ട്‌,
എല്ലുകളിൽ മരണമുണ്ട്‌,
നായ്ക്കളില്ലാത്തിടത്തു കുര പോലെ,
ഏതോ ചില മണികളിൽ നിന്ന്,
ഏതോ ചില കുഴിമാടങ്ങളിൽ നിന്നതു പുറപ്പെടുന്നു
ഈറൻവായുവിൽ മഴയുടെ കണ്ണീരു പോലെ നിറയുന്നു.

ചിലനേരമൊറ്റയ്ക്കിരിക്കെ
പായ കെട്ടിയ ശവപ്പെട്ടികൾ
വന്നടുത്തു നങ്കൂരമിടുന്നതു ഞാൻ കാണുന്നു,
അവയിലുണ്ട്‌ വിളറിയ ശവങ്ങൾ,
മാലാഖമാരെപ്പോലെ വെളുത്ത അപ്പക്കടക്കാർ,
നോട്ടറിമാർക്കു കെട്ടിച്ചയച്ച
ചിന്താവിഷ്ടകളായ ചെറുപ്പക്കാരികൾ,
നെട്ടനേ നിൽക്കുന്ന മരണത്തിന്റെ നദിയിൽ
കയറിപ്പോകുന്നു പെട്ടകങ്ങൾ,
ചുവന്നിരുണ്ടൊരു നദിയിൽ
മരണത്തിന്നൊച്ച വീർപ്പിച്ച പായ നീർത്തി,
ഒച്ചയില്ലാത്ത മരണത്തിന്നൊച്ച പിടിച്ച പായ കെട്ടി
മുകളിലേക്കൊഴുകുന്നു ശവപ്പെട്ടികൾ.

ഒച്ചകൾക്കിടയിലേക്കു വന്നെത്തുന്നു മരണം
കാലടിയില്ലാത്ത ചെരുപ്പു പോലെ,
ആളില്ലാത്തുടുപ്പു പോലെ,
കല്ലു വയ്ക്കാത്ത, വിരലില്ലാത്ത മോതിരം കൊണ്ട്‌
അവൾ വന്നു മുട്ടുന്നു,
വായില്ലാതെ, നാവില്ലാതെ, തൊണ്ടയില്ലാതെ
അവൾ വന്നൊച്ചവയ്ക്കുന്നു.
അവൾ വന്നടുക്കുന്നതു കേൾക്കാം പക്ഷേ,
ഉടയാടയുലയുന്നതു കേൾക്കാം,
മരമനങ്ങും പോലെ നിശ്ശബ്ദമായി.

എനിക്കത്ര തീർച്ചയില്ല, എനിയ്ക്കത്രയ്ക്കറിയില്ല,
അത്രയ്ക്കു കണ്ണിൽപ്പെടുന്നുമില്ല,
എന്നാലുമെന്റെ വിചാരം
ഈറൻ പറ്റിയ വയലറ്റുപൂക്കളുടെ നിറമാ-
ണവളുടെ പാട്ടിനും,
മണ്ണു പരിചയിച്ച വയലറ്റുപൂക്കൾ,
മരണത്തിന്റെ മുഖം പച്ച,
മരണത്തിന്റെ നോട്ടം പച്ച,
അതിലുണ്ട്‌
ഒരു വയലറ്റിലയുടെ മുനയുള്ള നനവ്‌,
മനം കടുത്ത ഹേമന്തത്തിന്റെ കറുപ്പും.

എന്നാൽ ചിലനേരത്തു മരണം
ചൂലിന്റെ വേഷത്തിൽ ലോകത്തു നടക്കുന്നു,
ജഡങ്ങൾ തേടിയവൾ നിലം നക്കിനടക്കുന്നു
ചൂലിലുണ്ടു മരണം,
ശവങ്ങൾ തേടിനടക്കുന്ന
മരണത്തിന്റെ നാവത്‌,
നൂലു തേടുന്ന മരണത്തിന്റെ സൂചി.

കട്ടിലുകളിൽ കിടപ്പുണ്ട്‌ മരണം:
മന്ദമായ മെത്തകളിൽ,കരിമ്പടങ്ങളിൽ
ചുരുണ്ടുകൂടിക്കഴിയുന്നവൾ,
പിന്നെപ്പൊടുന്നനേ ശ്വാസം വിടുന്നവൾ:
അവളൂതിവിടുന്ന ശബ്ദത്തിൽ
കാറ്റുപിടിച്ചു വീർക്കുന്നു വിരിപ്പുകൾ,
തുറമുഖത്തിൻ നേർക്കു യാത്രയാവുന്നു കിടക്കകൾ,
അവിടെക്കാത്തിരുപ്പുണ്ടവൾ
കപ്പിത്താന്റെ വേഷത്തിൽ.

(വിവര്‍ത്തനം: പരിഭാഷ ,രവികുമാര്‍ വി )

Advertisements