നെരൂദ- മരണമടുത്തെന്നു കരുതി ഞാൻ


മരണമടുത്തെന്നു കരുതി ഞാൻ, ശൈത്യം വന്നെന്നെത്തൊട്ടു,
ജീവിതത്തിൽ നിന്നെനിക്കു ശേഷിച്ചതു നീയെന്നുമറിഞ്ഞു ഞാൻ:
നിന്റെ ചുണ്ടുകളായിരുന്നു ഭൂമിയിലെനിക്കു രാവും പകലും ,
എന്റെ ചുംബനങ്ങൾ സ്ഥാപിച്ച രാഷ്ട്രമായിരുന്നു നിന്റെ ചർമ്മം.

ആ മുഹൂർത്തത്തിലൊക്കെയും നിലച്ചു -പുസ്തകങ്ങൾ, സൗഹൃദം,
ആർത്തിപിടിച്ചു നാം സ്വരുക്കൂട്ടിയ നിധികൾ,
നീയും ഞാനുമൊരായുസ്സു കൊണ്ടു  കെട്ടിപ്പൊക്കിയ ചില്ലുമാളിക:
എല്ലാമെല്ലാം കൊഴിഞ്ഞു,, നിന്റെ കണ്ണുകൾ മാത്രം ശേഷിച്ചു.

നമുക്കായുസ്സുള്ള കാലം, അഥവാ ജീവിതം നമ്മെയലട്ടുന്ന കാലം
ഉരുണ്ടുകൂടുന്ന പല തിരകളിലുയർന്നൊരു തിര മാത്രമാണു പ്രണയം;
എന്നാൽ ഹാ, മരണം വന്നു വാതിലിൽ മുട്ടുമ്പോൾ,

അത്രയും ശൂന്യതയ്ക്കെതിരു നിൽക്കാൻ നിന്റെ കടാക്ഷമേയുള്ളൂ,
ശൂന്യതയെ തടുത്തു നിർത്താൻ  നിന്റെ വെളിച്ചമേയുള്ളൂ,
നിഴലുകളെ പുറത്തിട്ടടയ്ക്കാൻ നിന്റെ പ്രണയമേയുള്ളൂ.

പ്രണയഗീതകം-90

(വിവര്‍ത്തനം: പരിഭാഷ ,രവികുമാര്‍ വി )

Advertisements