നെരൂദ- മരിക്കുമ്പോൾ കണ്ണുകൾക്കു മേൽ നിന്റെ കൈകളുണ്ടാവണം…

മരിക്കുമ്പോൾ കണ്ണുകൾക്കു മേൽ നിന്റെ കൈകളുണ്ടാവണം,
ഇനിയൊരിക്കൽക്കൂടി നിന്റെ ഓമനക്കൈകളവയുടെ
വെളിച്ചവും ധാന്യവുമെനിക്കു മേൽ വിതറണം:
എന്റെ വിധി മാറ്റിയെഴുതിയ മാർദ്ദവം ഞാനറിയണം.

നിന്നെക്കാത്തു ഞാനുറങ്ങുമ്പോൾ നീ ജീവിച്ചുപോകണം.
കാറ്റിന്റെ മർമ്മരങ്ങൾ നിന്റെ കാതുകൾ കേൾക്കണം,
ഒരുമിച്ചു നാം സ്നേഹിച്ച കടലു  നീ മണക്കണം,
നാം നടന്ന പൂഴിമണ്ണിൽ നീ നടന്നുപോകണം.

ഞാൻ സ്നേഹിച്ചതൊക്കെയും ജീവനോടിരിക്കണം,
ഏതിനും മേൽ ഞാൻ സ്നേഹിച്ച, ഞാൻ സ്തുതിച്ച പുഷ്പമേ,
വാടാതെ, കൊഴിയാതെ നീയുല്ലസിച്ചു നില്ക്കണം:

എന്റെ പ്രണയം വഴികാട്ടുമിടത്തു നീയെത്തട്ടെയങ്ങനെ,
നിന്റെ മുടിയിഴകളിൽ യാത്ര പോകട്ടെയെന്റെ നിഴലങ്ങനെ,
എന്റെ പാട്ടിനു നിമിത്തമിന്നതെന്നാളുകൾ കാണട്ടെയങ്ങനെ.
(പ്രണയഗീതകം-89)

(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)

Advertisements