>> ബാ‍ലചന്ദ്രൻ ചുള്ളിക്കാട് – ‘ദളിത് തീവ്രവാദം'(ലേഖനം)

മാദ്ധ്യമങ്ങളിൽ പുതുതായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന പദമാണു  ‘ദളിത് തീവ്രവാദം’…

1937-ലാണു മഹാകവി ചങ്ങമ്പുഴ  പുലയ സമുദായാംഗവും സ്വന്തമായി ഭൂമിയില്ലാത്തവനും ജന്മിയുടെ ഭൂമിയിൽ താമസിച്ച് അയാൾക്കുവേണ്ടി കൃഷിപ്പണി നടത്തുന്നവനുമായ  തനിമനുഷ്യനെ നായകനാക്കി ‘വാഴക്കുല’ എന്ന കവിത എഴുതുന്നത്. അവന്റെ അദ്ധ്വാനത്തിന്റെ ഫലം സാമൂഹ്യവ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും സഹായത്തോടെ ജന്മി ചൂഷണം ചെയ്യുന്നു. അക്കാലത്ത് അസംഘടിതനും നിരായുധനുമായ മലയപ്പുലയൻ  നിസ്സഹായനായിരുന്നു.ഈ പരമാർത്ഥമാണ് ആ കവിത വിളിച്ചുപറഞ്ഞത്. “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?” എന്നു മനുഷ്യസ്നേഹിയായ ആ യുവകവി ആവേശംകൊണ്ടു. മഹാനായ  ജനകീയകാഥികൻ കെടാമംഗലം സദാനന്ദൻ ആ കവിതയെ ജനലക്ഷങ്ങളുടെ വികാരവും  വിചാരവുമാക്കി മാറ്റി.

കാലം മാറി. കേരളത്തിൽ ഭൂപരിഷ്കരണം വന്നു. കുടികിടപ്പുകാർക്ക് അഞ്ചുസെന്റും പത്തുസെന്റും ഭൂമി കിട്ടി. അതിനപ്പുറം ഒരു ഗുണവും ഭൂമിയിൽ യഥാർത്ഥത്തിൽ കൃഷിപ്പണി നടത്തിയ പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും കിട്ടിയില്ല. കോളടിച്ചത് പണിയെടുക്കാതെ ദളിതരെക്കൊണ്ടു പണിയെടുപ്പിച്ചിരുന്ന  ഇടനിലക്കാരായ പാട്ടക്കുടിയാന്മാർക്കാണ്. അവർക്കു പാട്ടഭൂമി കിട്ടി. ദളിതർക്ക് കൃഷിഭൂമി കിട്ടിയില്ല.ഈ മഹാരാജ്യത്തെ ജനങ്ങൾക്ക് വേണ്ടത്ര  അന്നം ചരിത്രാതീതകാലം മുതൽ  ഉല്പാദിപ്പിച്ചുപോരുന്ന അർദ്ധപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ മനുഷ്യർക്ക് നീതി കിട്ടിയില്ല.ഇന്നും കിട്ടുന്നില്ല.

ഇന്ത്യയിലെ ദളിതർ ഇന്നും ഭൂരഹിതരായി തുടരുന്നു. വിദ്യാഭ്യാസത്തിലോ സാഹിത്യത്തിലോ ശാസ്ത്രത്തിലോ സാങ്കേതികവിദ്യയിലോ രാഷ്ട്രീയത്തിലോ  വ്യാപാരത്തിലോ വ്യവസായത്തിലോ സംവരണമില്ലാത്ത ഉന്നത ഉദ്യോഗങ്ങളിലോ മറ്റേതെങ്കിലും രംഗത്തോ മറ്റു സമുദായങ്ങളോടൊപ്പം മുന്നേറാൻ ദളിതർക്കു കഴിഞ്ഞിട്ടില്ല. അനേകകാലം എല്ലാ തലത്തിലും നിഷ്ഠുരമായ ചൂഷണത്തിന് ഇരയായ വർഗ്ഗത്തിന് മാനുഷികമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിൽ  പരിമിതികളുണ്ടായി.  സ്വന്തമായി ഭൂമിയില്ലെന്നു മാത്രമല്ല, മനുഷ്യസംസ്കാരത്തിന്റെയും നാ‍ഗരികതയുടെയും സാങ്കേതിക വിദ്യയുടെയും വിശ്വവിജ്ഞാനത്തിന്റെയും സദ്ഫലങ്ങൾ അനുഭവിക്കാനും  ദളിതർക്ക്  കഴിഞ്ഞില്ല. ഇന്ത്യൻ സ്വാതന്ത്രത്തിന്റെ  ഗുണഫലങ്ങൾ പോലും ഇന്ത്യയിലെ ദളിതജീവിതങ്ങളിൽ എത്തിച്ചേർന്നിട്ടില്ല എന്നറിയാൻ ഇന്ത്യയിലെ ആദിവാസിക്കുടികൾ സന്ദർശിച്ചാൽ മാത്രം മതി.(ഒറ്റപ്പെട്ട  ചില വ്യക്തികളുടെ പരിമിതമായ നേട്ടങ്ങൾ ഇവിടെ കണക്കിലെടുക്കുന്നില്ല.)

ഭക്ഷണം, വസ്ത്രം, പാർപ്പിടം,ഭൂമി, തൊഴിൽ, വിശ്രമം, ശുചിത്വം, വിദ്യാഭ്യാസം, വിജ്ഞാനം,സാമൂഹ്യമായ അന്തസ്സ്, രാഷ്ട്രീയാധികാരം, സൌന്ദര്യാനുഭൂതി, വിനോദം, വൈദ്യസഹായം— ഇതെല്ലാം ദളിതർക്കും അവകാശപ്പെട്ടതാണ്. അവർക്കത് എന്നു കിട്ടും? ഒരിക്കലും കിട്ടുകയില്ലേ?

സ്പന്ദിക്കുന്ന അസ്ഥിമാടത്തിൽനിന്നും കവിയുടെ ശബ്ദം ഇന്നും മുഴങ്ങുന്നു:
“ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?”

Advertisements