മഹമൂദ് ദര്‍വിഷ്-ഐഡന്റിറി കാര്‍ഡ്‌

കുറിച്ചിട്ടോളൂ..
ഞാനൊരു ‘അറബ് ‘ ആണെന്ന്….

എനിക്ക് കുഞ്ഞുങ്ങളെട്ടാണെന്നും..
ഒമ്പതാമത്തേത്
വരുന്ന വേനല്‍ക്കാലത്ത്
പിറക്കാനിരിക്കുന്നുവെന്നും

കുറിച്ചിട്ടോളൂ..

ഞാനെന്‍റെ സഖാക്കളോടൊപ്പം
ഒരു ക്വാറിയില്‍
കല്ലുടയ്ക്കുന്നുവെന്നും..

അതേ,
എനിക്ക് കുഞ്ഞുങ്ങളെട്ടാണെന്നും..
അവര്‍ക്കായി ഞാന്‍
പാറകളില്‍ നിന്ന് ,
റൊട്ടിക്കഷ്ണവും
ഉടുതുണിയും
ഒരു പാഠപുസ്തകവുമൊക്കെ
ഉടച്ചുടച്ചെടുക്കുന്നുവെന്നും..

നിങ്ങളുടെ സമക്ഷം
വന്നു കരുണയിരക്കാതെ,
നിങ്ങളുടെ വാതില്‍ക്കല്‍
സ്വയം ചെറുതാവാതെ..
നിങ്ങള്‍ക്ക് വല്ല വിരോധവുമുണ്ടോ..?
ഉണ്ടോ..?

കുറിച്ചിട്ടോളൂ..
ഞാനൊരു ‘അറബ് ‘ ആണെന്ന്..
എന്‍റെ പേരിനു മുന്നില്‍
സ്ഥാനപ്പേരുകള്‍
ഒന്നുമില്ലെന്ന്..
കുപിതരായ ജനങ്ങള്‍ക്കിടയില്‍
ക്ഷമയോടെ കഴിയുന്നവന്‍ ,

എന്‍റെ വേരുകള്‍
കാലം പിറക്കും മുന്നേ,
യുഗപ്പിറവികള്‍ക്കും മുന്നേ,
പൈനുകള്‍ക്കും, ഒലിവുകള്‍ക്കും മുന്നേ..
പുല്‍നാമ്പുകള്‍ മുളപൊട്ടും മുന്നേ
കുഴിച്ചു മൂടപ്പെട്ടു കഴിഞ്ഞുവെന്ന്..

കുറിച്ചിട്ടോളൂ..
ഞാനൊരു ‘അറബ് ‘ ആണെന്ന്..

നിങ്ങള്‍ ,
എന്‍റെ പൂര്‍വ്വികരുടെ
പൂന്തോട്ടങ്ങളും
വിളഞ്ഞുനിന്ന പാടങ്ങളും
എന്‍റെ കുഞ്ഞുങ്ങളും
എല്ലാം എന്നില്‍ നിന്നും
തട്ടിപ്പറിച്ചവര്‍

ഞങ്ങള്‍ക്കായി
വെറും പാറക്കൂട്ടങ്ങള്‍
അവശേഷിപ്പിച്ചവര്‍
അത് ഞങ്ങള്‍
സമ്മതിക്കുമെന്നോ കരുതുന്നു..

അതിനാല്‍
കടലാസിന്‍റെ ഏറ്റവും
മുകളിലായി രേഖപ്പെടുത്തുവിന്‍ ,

ഞാന്‍ ആരെയും വെറുക്കുന്നില്ലെന്ന്..

ഞാന്‍ എവിടെയും
അതിക്രമിച്ചു കേറിയിട്ടില്ലെന്നു..

പക്ഷെ,
എന്‍റെ വിശപ്പ്
എന്‍റെ നില തെറ്റിച്ചാല്‍
പിന്നെ,

എന്‍റെ ഭക്ഷണം
നിന്‍റെ മാംസമായിരിക്കുമെന്ന്,
എന്നില്‍ അധിനിവേശം സ്ഥാപിച്ച
നിന്‍റെ,നിന്‍റെ മാംസം..

കരുതിയിരുന്നോളൂ…

എന്‍റെ വിശപ്പിനെ,
എന്‍റെ രോഷത്തെ…

(അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ കവിതയാണ് “ഐഡന്റിറി കാര്‍ഡ്‌”)

Advertisements