മഹമൂദ് ദര്‍വിഷ്-ഓര്‍ക്കുക

രാവിലെ പ്രാതലുണ്ടാക്കുമ്പോള്‍
നീ മറ്റുള്ളവരെക്കുറിച്ചോര്‍ക്കുക…
( പ്രാവുകളെ തീറ്റാന്‍ മറക്കരുത് …  )
യുദ്ധങ്ങള്‍  നയിക്കുമ്പോള്‍
മറ്റുള്ളവരെക്കുറിച്ചോര്‍ക്കുക…
( ചിലര്‍ സമാധാനം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ..)
വെള്ളക്കരം അടക്കുന്നേരം
മറ്റുള്ളവരെക്കുറിച്ചോര്‍ക്കുക…
( ചിലര്‍ക്ക് ഒരിറ്റ് വെള്ളത്തിനായി
ഉറ്റുനോക്കാന്‍
മേഘങ്ങള്‍ മാത്രമേയുള്ളൂ..)
വീട്ടിലേക്ക്, നിന്റെ സ്വന്തം വീട്ടിലേക്ക്
മടങ്ങിപ്പോവുമ്പോള്‍
മറ്റുള്ളവരെക്കുറിച്ചോര്‍ക്കുക…
( ചിലരുടെ ജീവിതം അഭയാര്‍ഥിക്യാമ്പുകളില്‍
തന്നെ പൊലിഞ്ഞുതീരാനാണ്
വിധിക്കപ്പെട്ടിരിക്കുന്നത്..)
കിടന്നിട്ടുറക്കം വരാത്തപ്പോള്‍
നക്ഷത്രങ്ങളെണ്ണുന്നേരം
നീ മറ്റുള്ളവരെക്കുറിച്ചോര്‍ക്കുക…
(ചിലര്‍ക്ക് ഒന്നു തലചായ്ക്കാന്‍
പോലും ഈ ഭൂമിയിലിടമില്ല..)
ഉറച്ച മുദ്രാവാക്യങ്ങളാല്‍
വിമോചനത്തിലേക്ക് നീങ്ങുമ്പോള്‍ –
മറ്റുള്ളവരെക്കുറിച്ചോര്‍ക്കുക…
( ചിലര്‍ക്കിവിടെ  ഒന്നു
മിണ്ടാനുള്ള അവകാശം പോലും
എന്നേ നിഷേധിക്കപ്പെട്ടിരിക്കുന്നു…)
അങ്ങകലെയുള്ളവരെക്കുറിച്ച്
ഓര്‍ക്കുന്നതിനോപ്പം
ഇടയ്ക്ക്, അവനവനെക്കുറിച്ചും
ഒന്നു ചിന്തിക്കുക..
‘ഇരുളില്‍ ഒരു മെഴുകുതിരിയാവാന്‍
കഴിഞ്ഞിരുന്നെങ്കിലെന്ന്‍
ഞാനാശിക്കുന്നു..’
എന്ന്  വെറുതെയെങ്കിലും
ഉള്ളില്‍ പറയുക..!
Advertisements