മഹമൂദ് ദര്‍വിഷ്-ഞാന്‍ അവിടെ നിന്നാണ്..

ഞാന്‍ അവിടെ നിന്നാണ്..

എനിക്ക്
വ്യക്തമായ ഓര്‍മ്മകളുണ്ട്..
ഏതൊരു മനുഷ്യജീവിയെയും
പോലെത്തന്നെ
ഞാന്‍  പിറന്നതും…
അതെ, ഞാന്‍ അവിടെ നിന്നാണ്..
എനിക്കൊരമ്മയുണ്ട്…
നിറയെ ജാലകങ്ങളുള്ള
ഒരു വീടുണ്ടവിടെ..
സ്നേഹിതരും സഹോദരങ്ങളുമുണ്ട്..
എനിക്കൊരു തടവറയുടെ
തണുത്ത ജനാലയും,
കടല്‍ക്കാക്കകള്‍ കൊത്തിപ്പറന്ന
തിരമാലയും,
എന്റേതു മാത്രമായ ഒരു കാഴ്ചയുമുണ്ട്…
പുല്‍മേടിന്റെ ഒരു ചെറിയ തുണ്ട്,
വാക്കുകളുടെ കൊടുമുടികള്‍ക്കുമപ്പുറം
ഒരു ചന്ദ്രബിംബം,
എന്റെ കിളികള്‍ക്ക്
ദൈവം കൊടുക്കുന്ന അന്നം,
കാലത്തിനുമപ്പുറം തളിര്‍ക്കുന്ന
ഒരു ഒലിവുമരം, ഒക്കെയുണ്ടവിടെ..
ഇടഞ്ഞ വാളുകള്‍
ഇവിടെ വിരുന്നാടും  മുമ്പേ
ഞാനീ നിലങ്ങള്‍
താണ്ടിക്കടന്നു പോന്നിരുന്നു..
അമ്മയെക്കാണാതെ
കരഞ്ഞുകൊണ്ടിരുന്ന ആകാശത്തെ
ഞാനതിന്റെ
അമ്മയ്ക്കരികിലെത്തിച്ചിരുന്നു..
പറന്നു പോവുന്ന മേഘങ്ങള്‍
എന്നെ  തിരിച്ചറിയാന്‍
അവയെ നോക്കി കരഞ്ഞിരുന്നു..
ലംഘിക്കുവാന്‍ വേണ്ടി മാത്രം
ചോരപുരണ്ട കോടതികളുടെ
നിയമങ്ങളെല്ലാം  തന്നെ
ഞാന്‍ ഹൃദിസ്ഥമാക്കി…
‘വീട്’ –
ആ ഒരേയൊരു നാമത്തിന്
മിഴിവേകാനായി
ഞാന്‍ സകല വാക്കുകളും
പഠിച്ചെടുത്ത്,
പൊളിച്ചടുക്കി..
Advertisements