മഹമൂദ് ദർവിഷ് – ആഗ്രഹങ്ങളെക്കുറിച്ച്


പറയരുതേ:
ഞാൻ അല്‍ജിയേഴ്സിൽ ഒരു റൊട്ടിക്കാരനായിരുന്നെങ്കിൽ
ഒരു കലാപകാരിയോടൊപ്പം ഞാനപ്പോൾ പാടിയേനെ

പറയരുതേ:
ഞാൻ യെമനിലൊരു ഇടയനായിരുന്നെങ്കിൽ
എങ്കില്‍ ഞാൻ കാലത്തിന്റെ
വിറയ്ക്കൊപ്പം പാടിയേനെ

പറയരുതേ:
ഞാൻ ഹവാനയിലെ ചായക്കടയിൽ
വെയിറ്ററായിരുന്നെങ്കിൽ
കരയുന്ന സ്ത്രീകളുടെ വിജയത്തിനായി ഞാനപ്പോൾ
പാടിയേനെ

പറയരുതേ:
ആസ്വാനിൽ ഞാനൊരു യുവതൊഴിലാളിയായിരുന്നെങ്കിൽ
എങ്കിൽ ഞാൻ പാറകളോട് പാടിയേനെ

എന്റെ സുഹൃത്തേ
നൈൽ നദി വോൾഗയിലേക്കൊഴുകുകയില്ല.
കോംഗോ നദിയും ജോർദാൻ നദിയും
യൂഫ്രട്ടീസിലേക്കുമൊഴുകുകയില്ല

ഓരോ നദിക്കുമുണ്ട് അതിന്റെ ഉറവിടം,
അതിന്റെ വഴി, അതിന്റെ ജീവിതം.
എന്റെ സുഹൃത്തേ, നമ്മുടെ നാട് വന്ധ്യമല്ല
ഓരോ നാടിനും ജനിക്കാനൊരു മുഹൂർത്തമുണ്ട്.
ഓരോ പുലരിക്കും കലാപകാരിയുമായി
ഒരു കൂടിക്കാഴ്ചയുണ്ട്.

(വിവർത്തനം : സച്ചിദാനന്ദൻ)

Advertisements