മഹമൂദ് ദർവിഷ് – ഇര, നമ്പർ 48


അവരവന്റെ മാറിൽ കണ്ടു
പനിനീർപ്പൂക്കളുടെ ഒരു വിളക്ക്, ഒരു ചന്ദ്രനും.
അവന്‍ കല്ലുകൾക്കു മീതേ
കൊല്ലപ്പെട്ടുകിടന്നു.
അവരവന്റെ കീശയിൽ കണ്ടു
അല്പം ചില്ലറ, ഒരു തീപ്പെട്ടി,
യാത്രക്കുള്ള ഒരു പാസ്, അവന്റെ
ചെറുപ്പം മുറ്റിയ കൈയിൽ പച്ചകുത്തിയ പാട്.

അവന്റെ അമ്മ അവനെയോർത്തു തേങ്ങി,
ആണ്ടോടാണ്ട് അവനായി വിലപിച്ചു
അവന്റെ മിഴികളിൽ തൊട്ടാവാടി മുളച്ചു
ഇരുട്ട് തഴച്ചുമുറ്റി.
അവന്റെ അനുജൻ വളർന്നു
നഗരച്ചന്തയിൽ പണി തേടിപ്പോയപ്പോൾ
അവരവനെ ജയിലിലടച്ചു:
അവന്റെ കൈയിൽ യാത്രക്കുള്ള പാസില്ലായിരുന്നു
തെരുവിലവന്‍ വഹിച്ചത്
ഒരു പെട്ടി ചവറുമാത്രം,
പിന്നെ മറ്റു പെട്ടികളും

അതെ, എന്റെ നാട്ടിലെ കുഞ്ഞുങ്ങളേ,
അങ്ങനെയാണ് ചന്ദ്രൻ മരിച്ചത്.

(വിവർത്തനം : സച്ചിദാനന്ദൻ)

Advertisements