മിര്‍സ ഗാലിബ് -നിഷ്കളങ്ക ഹൃദയമേ…

നിഷ്കളങ്ക ഹൃദയമേ നിനക്ക് പറ്റിയതെന്താണ് ?
ഒടുക്കമീ വ്യഥകൾക്കൊക്കെയുമുള്ള മരുന്നെന്താണ് ?

പ്രതീക്ഷാഭരിതനായ് ഞാൻ, വിരക്തിയിലാണ്ട് അവൻ

എന്റെ നാഥാ, ഈ സംഭവിക്കുന്നതൊക്കെയുമെന്താണ് ?

നീയില്ലയെങ്കിൽ ഒന്നുമേയില്ലെന്നാകുകിൽ
ദൈവമേ പിന്നെയീ ചെയ്തികളൊക്കെയുമെന്തിനാണ് ?

എന്റെ വായിലും ഒരു നാവിരിപ്പുണ്ടല്ലോ
എനിക്കെന്തു പറയാനുണ്ടെന്നൊന്ന് തേടിയിരുന്നെങ്കിൽ

ഈ കാണുന്ന സുമുഖികളൊക്കെയും  ആരാണ് ?
ആ കണ്ണിറുക്കലും കൊഞ്ചലും വശീകരണ ചേഷ്ട്ടകളുമെന്തിനാണ് ?

ഈ കാർവർണ്ണച്ചുരുൾമുടികളെന്തിനാണ് ?
സുറുമക്കണ്ണാലുള്ള കടാക്ഷങ്ങളെന്തിനാണ് ?

ഈ ഹരിതലതാതികളും പൂക്കളും എവിടെ നിന്നാണ് ?
ഈ മേഘപടലങ്ങളും മാരുതനുമൊക്കെയെന്താണ്?

സർവ്വസ്വവും നിനക്കായ് ഹോമിക്കുന്നു ഞാൻ
അതിനപ്പുറം ഒരു പ്രാർത്ഥനയെന്തുണ്ടാവോ?

ഞാനവരോട് വിശ്വസ്തനായിരിക്കുന്നു തീർച്ച
വിശ്വസ്തതയെന്തെന്നറിയാത്തവരാകിലും

ഹേ, നന്മ ചെയ്യൂ, നിന്നിലും നന്മ ഭവിച്ചിടും
ഇത് മൊഴിയലല്ലാതെ സൂഫിയുടെ ദൗത്യമെന്താണ് ?

ഈ ഗാലിബ് ഒന്നുമല്ലായെന്നറിയാമെങ്കിലും
സൗജന്യമായി കിട്ടുന്നെങ്കിൽ നഷ്ടമെന്താണ്?


പത്തൊമ്പതാം നൂറ്റാണ്ടിൽ ദില്ലിയിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഉർദു കവിയും ഗസൽ രചയിതാവും സൂഫിയുമാണ് ഗാലിബ് എന്നപേരിൽ അറിയപ്പെടുന്ന മിർസ അസദുല്ല ഖാൻഅഥവാ മിർസ നൗഷ (ജീവിതകാലം: 1797 – 1869). മിർസ ഗാലിബ് എന്നും അറിയപ്പെടുന്നു.ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്നു..ഉർദു ഗസലുകളുടെ ചരിത്രവഴിയിൽ ഗാലിബ് ഒരു അടയാളശിലയാണ്, നഷ്ടപ്രണയങ്ങളുടെ ആണിയിൽ മാത്രമായിചുറ്റിത്തിരിഞ്ഞിരുന്ന ഉർദു ഗസൽ
എന്ന സാഹിത്യരൂപത്തെ ആവിഷ്കാര വൈവിധ്യങ്ങളുടെ അനന്തവിഹായസ്സിലേക്ക് ഒരു പട്ടത്തെ നൂലറുത്തു വിടുന്ന സാഹസത്തോടെ
പറത്തിവിട്ട വാക്കുകളുടെ മായാജാലക്കാരനെ അടയാളപ്പെടുത്തുന്ന ഒന്ന്. ഗാലിബിന്റെ ഗസലുകളിൽ പ്രണയം പദാർത്ഥലോകത്തിനപ്പുറമുള്ള ഒന്നാണ്. തിയോളജിയും തത്വചിന്തയും സ്വതന്ത്രചിന്തയുമെല്ലാം സമന്വയിച്ച  ഗഹനമായ ആശയപ്രപഞ്ചങ്ങൾ ഒളിപ്പിച്ച മൊഴിമുത്തുകൾ.Advertisements