മുരുകന്‍ കാട്ടാക്കട – ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്

12063531_400616136814165_6375749703112570977_n

ഇതു പാടമല്ലെന്റെ ഹൃദയമാണ്
നെല്കതിരല്ല കരിയുന്ന മോഹമാണ്..
ഇനിയെന്റെ കരളും പറിച്ചു കൊള്‍ക
പുഴയല്ല കണ്ണീരിനുറവയാണ്

വറ്റി
വരളുന്നതുയിരിന്റെ യമുനയാണ്..
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക..
 
കതിരു കൊത്താന് കൂട്ടുകിളികളില്ല
കിളിയകട്ടാന് കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമിതന്‍ ചുണ്ടില്‍
വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല

നാമ്പുകളുണങ്ങിയ
നുകപ്പാടിനോരത്ത്
നോക്കുകുത്തി പലക ബാക്കിയായി
ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക
ഇനിയെന്റെ ബോധവുമെടുത്തു കൊള്..
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്..
 
കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ മാരശരമെയ്യുന്ന
മാനസ സരസ്സാം ജലചെപ്പുകള്‍
ധ്യാനിച്ചു നില്‍ക്കുന്ന ശ്വേത സന്യാസികള്‍..
നാണിച്ചു നില്‍ക്കും കുളക്കോഴികള്‍
 
പോയ്മറഞ്ഞെങ്ങോ വിളക്കാല ഭംഗികള്‍ 
വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍
 
വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു
ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തു കൊള്‍
 
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍
ഇനിയെന്റെ കരളും പറിച്ചു കൊള്‍
ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍..
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍..
ആലാപനം‌: മുരുകന്‍ കാട്ടാക്കട
രചന: മുരുകന്‍ കാട്ടാക്കട
Advertisements