റൂമി

മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി

ഭാഷയുടെ വാതിലടയ്ക്കൂ,
പ്രണയത്തിന്റെ ജനാല തുറക്കൂ.


നിന്നെക്കണ്ടിട്ടും പുഞ്ചിരി വരാത്തൊരാൾ,
വിസ്മയപ്പെട്ടു വാപൊളിക്കാത്തൊരാൾ,
സ്വഗുണങ്ങളിരട്ടിയാകാത്തൊരാൾ-
ഒരു തടവറയുടെ കല്ലും കുമ്മായവുമല്ലാതയാളാരാകാൻ?


നിസ്സഹായരാവുക,
കണ്ണും കാതുമടഞ്ഞവരാവുക,
അതെയെന്നോ അല്ലയെന്നോ പറയാനാവാതെയാവുക.
എങ്കിലുന്നതത്തിൽ നിന്നൊരു മഞ്ചമിറങ്ങിവരും,
നമ്മെ വാരിയെടുത്തുകൊണ്ടുപോകും.


അച്ഛനമ്മമാർ ചിലതരം കൊളുത്തുകൾ,
വിശ്വാസങ്ങളോടും രക്തബന്ധങ്ങളോടും
ആഗ്രഹങ്ങളോടും ശീലസുഖങ്ങളോടും
നിങ്ങളെ തളച്ചിടുന്നതവർ.
അവർക്കു കാതു കൊടുക്കേണ്ട!
കാക്കുകയാണവരെന്നു തോന്നിയാലും
തടവിലിട്ടടയ്ക്കുകയാണവർ നിങ്ങളെ.


‘വന്നുപോകുന്നതിനെയല്ല,
ഉദിച്ചസ്തമിക്കുന്നതിനെയല്ല
ഞാൻ സ്നേഹിക്കുന്നതെന്നു’ദ്ഘോഷിക്കൂ.
പ്രവാചകന്മാരെ ജനിപ്പിച്ചവനിൽ ജീവിക്കൂ,
സഞ്ചാരികൾ വഴിയരികിൽ കൂട്ടിയ തീ പോലെ
കെട്ടണയുമല്ലെങ്കിൽ നിങ്ങൾ.


കല്ലിനു പൂക്കാലത്തെക്കുറിച്ചെന്തറിയാൻ?
അതു ചോദിക്കേണ്ടതു പൂവിട്ട പുൽത്തട്ടിനോട്,
മുല്ലക്കൊടിയോട്, മൊട്ടുകൾ തുടുക്കുന്ന കൊമ്പിനോട്.


ഗുരോ, ഞാനേതു കിളിയെന്നൊന്നു പറയൂ!
തിത്തിരിയല്ല, പ്രാപ്പിടിയനല്ല,
നല്ലതല്ല, കെട്ടതുമല്ല,
അതുമല്ല, ഇതുമല്ല ഞാൻ.
പൂന്തോപ്പിലെ കുയിലല്ല,
അങ്ങാടിക്കുരുവിയല്ല,
ഒരു പേരെനിക്കു തരൂ, ഗുരോ,
ഒരു പേരെനിക്കെന്നെ വിളിയ്ക്കാൻ!


വന്മരങ്ങളെ കടപുഴക്കുന്ന കാറ്റു തന്നെ
പുൽക്കൊടികളെ തഴുകി മിനുക്കുന്നതും.


കണ്ണുകൾ കാണാനുള്ളവ.
ആത്മാനന്ദത്തിനാത്മാവും.
തല കൊണ്ടൊരുപയോഗമുണ്ട്:
അസ്സലുള്ളൊരാളെ പ്രണയിക്കുക.
കാലുകൾ: പിന്നാലെയോടാൻ.


ചോദിയ്ക്കേണ്ട ചോദ്യം മുന്നിൽ വയ്ക്കൂ,
ഒരുത്തരത്തിന്റെ ദാക്ഷിണ്യത്തിനു കാത്തുനിൽക്കൂ.


യാതനകളുടെ ഈ വഴിയിൽ
പ്രണയമാകട്ടെ നമുക്കു വഴികാട്ടി.
ചോരുന്ന കൂരയിൽ വീഴുന്ന മഴയാണു നാം.
ഓട്ടകൾ വിട്ടോവിലൂടൊഴുകുക നാം.


കരിമ്പിൻമധുരം മധുരിക്കുമോ
കരിമ്പിൻപാടം സൃഷ്ടിച്ചവന്റെ മധുരത്തോളം?


എത്ര സഹതാപങ്ങൾ നാം വാരിക്കൂട്ടി?
ഇനി നാം പഠിക്കുക, അതിനെയൊക്കെ സംശയിക്കാൻ.


മുന്നിലല്ല നാം, പിന്നിലാണു നാം.
മുകളിലല്ല നാം, താഴെയാണു നാം…
ചിത്രകാരന്റെ കൈയിലെ തൂലിക പോലെ
നാമെവിടെപ്പോകുമെന്നറിയില്ല നാം.


ഒരിക്കൽ നാണം കെട്ടുവെന്നതിനാൽ മാത്രം
പ്രണയത്തിൽ നിന്നൊളിച്ചോടുകയോ നിങ്ങൾ?


നിങ്ങൾക്കുള്ളിലെ കാട്ടുമൃഗത്തെ
നായാടിപ്പിടിയ്ക്കാൻ നിങ്ങൾക്കായാൽ
നിങ്ങൾക്കുള്ളതു തന്നെ
ശലോമോന്റെ സിംഹാസനം.


പ്രണയം പറഞ്ഞിട്ടു വേണം
പ്രണയത്തിന്റെ കഥ കേൾക്കാൻ;
കണ്ണാടി പോലതു മൂകം,
വാചാലവും.


തടവിൽപ്പെടുന്നുവെങ്കിലതു
പാടുന്ന കിളികൾ തന്നെ;
കൂട്ടിലടച്ച കൂമന്മാരെ
കണ്ടിട്ടുണ്ടോ നിങ്ങൾ?


കരയെത്തും വരെ
ഓരോ തിരയെയും കാക്കുന്നില്ലേ വൻകടൽ?
തനിക്കു വേണമെന്നു നിങ്ങൾ കരുതുന്നതിനെക്കാൾ
തുണ വേണം നിങ്ങൾക്ക്.


തിരയടങ്ങിയ കടവുകളാണു ചില മനുഷ്യജീവികൾ,
അവിടെപ്പോയി നങ്കൂരമിടൂ.


എഴുന്നേറ്റു നടന്നാട്ടെ.
കാലുകൾ കുഴഞ്ഞോട്ടെ, ദേഹം തളർന്നോട്ടെ.
ഒരു മുഹൂർത്തം വരും:
നിങ്ങൾക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും,
ഉടൽ നിലം വിടുന്നതു നിങ്ങളറിയും.


കടലിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു നുര മാത്രം.
കാറ്റിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു പൊടി മാത്രം.


അറിവു കൊണ്ടു മുക്തനാണു മാലാഖ,
അറിവുകേടു കൊണ്ടു മൃഗവും.
ഇടയ്ക്കു കിടന്നു പിടയാനത്രേ
മനുഷ്യപുത്രനു വിധിച്ചതും.


തീരാത്ത നിധിയാണു നീ,
നാവേ!
തീരാവ്യാധിയുമാണു നീ,
നാവേ!


ഒരു ഹൃദയത്തിൽ നിന്നൊരു ഹൃദയത്തിലേക്കു തുറക്കുന്ന
ജാലകമുണ്ടത്രേ.
ചുമരു തന്നെയില്ലെങ്കിൽപ്പിന്നെവിടെയാണു
ജാലകം?


അജ്ഞാതവെളിച്ചങ്ങളെത്രയാണു
നിശാകാശത്തിൽ;
അവയ്ക്കൊപ്പം നിങ്ങളും ചേരൂ,
പേരു വീഴാത്തൊരു നക്ഷത്രമായി.


വാക്കുകളെ വിലക്കുക.
നെഞ്ചിലെ കിളിവാതിൽ തുറന്നുവയ്ക്കുക,
പറന്നുനടക്കട്ടെ ആത്മാക്കൾ
അകത്തേയ്ക്കും പുറത്തേയ്ക്കും.


പാറക്കെട്ടിൽ നിന്നുയർന്നുപൊങ്ങുന്ന
കഴുകനാണു നിങ്ങളെന്നു കരുതുക,
കാട്ടിലൊറ്റയ്ക്കു നടക്കുന്ന
കടുവയാണു നിങ്ങളെന്നും കരുതുക.
തീറ്റ തേടിയലയുമ്പോഴത്രേ
നിങ്ങൾക്കു സൗന്ദര്യമേറുന്നു.
ചങ്ങാത്തം വേണ്ടെന്നു വയ്ക്കൂ,
കുയിലുകളും മയിലുകളുമായി:
ഒന്നു വെറുമൊരു ശബ്ദം,
മറ്റേതൊരു നിറവും.


ഏതു വലുത്, ആയിരങ്ങളുടെ കൂട്ടമോ,
നിങ്ങളുടെ തനിച്ചിരിപ്പോ?
സ്വാതന്ത്ര്യമോ, ഒരു ദേശത്തിനു മേലധികാരമോ?
സ്വന്തം മുറിയിലല്പനേരമടച്ചിരുന്നാൽ
ഏതിലുമുന്നതമതൊന്നുതന്നെ.


കൈനീട്ടിയാലെത്തില്ല
മാനമതിനാൽ
മുട്ടുകുത്തി നിലത്തെ
പുണരുന്നു ഞാൻ.


അന്യരെ പകർത്തിയെഴുതി
തന്നത്താനറിയാൻ ശ്രമിച്ചു ഞാൻ.


കവിതകളിലെ സാന്നിദ്ധ്യങ്ങൾക്കു കാതു കൊടുക്കൂ,
അവ കൊണ്ടുപോകുമിടത്തേക്കു പിൻപു ചെല്ലൂ.
ആ ഗൂഢമന്ത്രങ്ങളെയനുസരിക്കൂ,
ഇരിക്കുമിടം വിട്ടു പോകേണ്ട പിന്നെ.


കുടിയന്മാർക്കു ഭടന്മാരെ പേടി,
കുടിയന്മാരാണു ഭടന്മാരും പക്ഷേ.
ചതുരംഗത്തിലെ കരുക്കളിവർ,
ദേശക്കാർക്കിഷ്ടമിരുവരെയും.മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി (1207-1273) 

 

 

 

 

പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടവയുമാണ്. റൂമിയുടെ ആത്മീയ ഈരടികൾ എന്നറിയപ്പെടുന്ന മസ്നവി എ മഅനവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്.ദിവാൻ എ കബീർ എന്ന കൃതിയും പ്രശസ്തമാണ്.

മസ്നവി എന്ന് പരക്കെ അറിയപ്പെടുന്ന മസ്നവി എ മഅനവിയാണ് റൂമി കൃതികളിൽ ഏറ്റവും വിഖ്യാതം. ആത്മീയ ജ്ഞാന ഈരടികൾഎന്നാണ് പേരിന്റെ അർഥം. തന്റെ 54ആം വയസ്സിൽ ആരംഭിച്ച ഇതിന്റെ രചന മരണം വരെയും തുടർന്നിരുന്നു. 6 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതിയുടെ അവസാന ഭാഗം അപൂർണ്ണമാണ്. ഖുർആൻ, ഹദീസ്, ബൈബിൾ, ഇസോപ്പ് കഥകൾ,പഞ്ചതന്ത്രം, തുടങ്ങിയ വൈവിധ്യമാർന്ന ശ്രോതസ്സുകളിൽ നിന്നുമുള്ള കഥകളും സംഭവങ്ങളും സരോപദേശം നൽകനായി പുനർനിർമ്മിച്ചുകൊണ്ടുള്ള ഒരപൂർവ്വ ശൈലിയാണ് മസ്നവിയിൽ കാണുന്നത്. 50,000 വരികളുള്ള മസ്നവി എ മഅനവി, പേർഷ്യൻ, ഓട്ടൊമൻ സാഹിത്യത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന മസ്നവി പദ്യശൈലിയിലാണ്(മത്നവി, മെസ്നെവി എന്നിങ്ങനെയും അറീയപ്പെടുന്നു) രചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ 424 കഥകൾ ദൈവവുമായുള്ള ഐക്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ നിരന്തരമായ അന്വേഷണത്തെ വരച്ചുകാട്ടുന്നു. പേർഷ്യൻ സാഹിത്യത്തിലേയും സൂഫി സാഹിത്യത്തിലേയും ഏറ്റവും മികച്ചതും സ്വാധീനിക്കപ്പെട്ടതുമായ കാവ്യങ്ങളിൽ ഒന്നായി കണക്കാക്കുന്നു.

  ദീവാൻ എ ശംസ് എന്നും ദീവാൻ എ കബീർ എന്നും അറിയപ്പെടുന്ന ദീവാൻ എ ശംസ അതബരീസി എന്ന പേർഷ്യൻ മഹാകാവ്യമാണ് റൂമിയുടെ മറ്റൊരു പദ്യ കൃതി. ഗുരുവും സുഹൃത്തുമായ ശംസ് അതബരീസിയുടെ ബഹുമാനർഥം നാമകരണം ചെയ്യപ്പെട്ട ഈ കാവ്യം പക്ഷേ ഒരു സ്മരണിക കാവ്യമല്ല. 40000ലേറെ വരികളാണ് ഇതിലുള്ളത്.
ഫിഹി മാഫിഹി – റൂമിയുടെ 70 പ്രഭാഷണങ്ങളുടെ സമാഹാരം.വിവിധ കാലങ്ങളിലായി ചെയ്ത ഈ പ്രഭാഷണങ്ങൾ ക്രോഢീകരിച്ചത് ശിഷ്യന്മാരായിരുന്നെങ്കിലും അവയും റൂമി കൃതിയായി ഗണിക്കപ്പെട്ടുവരുന്നു.
സബഅ മജാലിസ് – ഏഴു പ്രഭാഷണങ്ങൾ. ഖുർ ആന്റെയും ഹദീസുകളുടെയും ആന്തിരിക ജഞാനം ഈ പ്രഭാഷണങ്ങളിലൂടെ റൂമി വെളിപ്പെടുത്തുന്നു.
മകാത്തീബ് – റൂമി തന്റെ ബന്ധുകൾക്കും, സുഹൃത്തുക്കൾക്കും ശിഷ്യ്ന്മാർക്കും ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥന്മാർക്കുമായി അയച്ചിരുന്ന കത്തുകളുടെ സമാഹാരമാണിത്.

റൂമിയുടെ പുത്രനായിരുന്ന സുൽത്താൻ വാ അലാദ്, റൂമിയുടെ ശിഷ്യരെ മൗലവികൾ‌ എന്ന സംഘമായി ഏകീകരിച്ചു. മൗലാനയുടെ ശിഷ്യർ എന്നാണ് മൗലവി എന്നതിനർത്ഥം. കറങ്ങുന്ന സൂഫികൾ (Whirling Dervishes) എന്നാണ് സാധാരണ ഇവർ അറീയപ്പെടുന്നത്. നെയ് (Ney)എന്ന തുർക്കി ഓടക്കുഴലിന്റെ സംഗീതത്തിനൊപ്പമുള്ള കറങ്ങിക്കൊണ്ടുള്ള നൃത്തം ഇവരുടെ ആരാധനയുടെ ഭാഗമാണ്.

റൂമി, അടിമത്തത്തേയും ബഹുഭാര്യത്വത്തേയ്യും എതിർത്തിരുന്നു. സ്ത്രീകൾക്ക് മത-സാമൂഹികജീവിതത്തിൽ ഉയർന്ന സ്ഥാനം കൽപ്പിച്ചു. സത്യത്തിന്റേയ്യും സൗന്ദര്യത്തിന്റേയും എല്ലാ രൂപങ്ങളേയും അവയുടെ ഉറവിടം നോക്കാതെ പിന്തുടരാനും സ്നേഹമുള്ളവരും പരസ്പരബഹുമാനമുള്ളവരും ദാനശീലരും ആയിരിക്കുന്നതിനും അദ്ദേഃഹം തന്റെ ശിഷ്യരെ പഠിപ്പിച്ചു.

റൂമിയുടെ ചിന്തകൾ, തികഞ്ഞ മതവിദ്വേഷിയായിരുന്ന തുർക്കി പ്രസിഡണ്ട്, കമാൽ അത്താത്തുർക്കിനെ വരെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്കപ്പാടിൽ മൗലവി ദൈവവീക്ഷണം, പരമ്പരാഗത അറബിദൈവവിശ്വാസത്തിന്റെ മൗലികചട്ടക്കൂടിൽ നിന്നും അയഞ്ഞതും തുർക്കികൾക്ക് ചേർന്നതുമാണെന്നതുമായിരുന്നു. എന്നിരുന്നാലും 1925-ൽ മൗലവികളുടേതടക്കമുള്ള സൂഫി ആശ്രമങ്ങൾ അടച്ചുപൂട്ടാൻ കമാൽ മടിച്ചില്ല. പിന്നീട് 1957-ലാണ് ചരിത്രപാരമ്പര്യം നിലനിർത്താൻ ഒരു സാംസ്കാരികസംഘടനയായി പ്രവർത്തിക്കാൻ മൗലവികൾക്ക് സർക്കാർ അനുവാദം നൽകിയത്.


https://en.wikipedia.org/wiki/Rumi

Advertisements

റൂമി – വാദ്യവും വാദകനും

വാദ്യങ്ങളാകെയെടുത്താൽ
ആരാണതിൽ അതിഭാഗ്യം ചെയ്തവൻ?
ഓടക്കുഴൽ തന്നെയെന്നതിലെന്തു സംശയം!
നിന്റെ ചുണ്ടോടമർന്നു പാട്ടു പഠിക്കാൻ
അതിനല്ലേ കഴിയുന്നുള്ളു!

ഓടത്തണ്ടുകൾക്കീയൊരു ചിന്തയേയുള്ളു,
കരിമ്പിൻതണ്ടുകൾക്കു വിശേഷിച്ചും.
തങ്ങൾക്കറിയുന്ന സ്വച്ഛന്ദനൃത്തങ്ങളുമാടി
കരിമ്പിൻപാടത്തവയുലയുന്നു.

നീയില്ലയെങ്കിൽ വാദ്യങ്ങൾക്കുയിരെവിടെ?
ഒരാൾ നിനക്കരികിലിരിക്കുന്നു;
ഇനിയൊരാളൊരു ദീർഘചുംബനം നുകരുന്നു;
നന്തുണി യാചിക്കുന്നു:
എന്നെയൊന്നു തൊടൂ,
ഞാൻ ഞാനാകട്ടെന്നേ!
എല്ലിൻതുളകൾക്കുള്ളിലൂടെന്നിലേക്കു നീ കടക്കുന്നതു
ഞാനൊന്നറിയട്ടെ!
പോയ രാത്രിയിൽ ജീവൻ പോയതിന്‌
ജീവൻ തിരിച്ചുകിട്ടട്ടെ.
നീ വാർന്നുപോകുന്നതറിഞ്ഞും കൊണ്ടൊരു
സമചിത്തജീവിതമെനിക്കെന്തിന്‌?
ഒന്നുകിൽ നീയെന്നെ മദിരയിൽ മുക്കിത്താഴ്ത്തൂ,
അല്ലെങ്കിലെന്നെ വെറുതെ വിട്ടേക്കൂ.
നിന്നോടു നിത്യസംസാരത്തിലാവുകയെന്നാൽ
അതിന്നതാണെന്നു ഞാനറിഞ്ഞുകഴിഞ്ഞുവല്ലോ!


അവലംബം : ഗുൽമോഹർ മാഗസീൻ , വി രവികുമാർമൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി (1207-1273) 

 

 

 

 

പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടവയുമാണ്. റൂമിയുടെ ആത്മീയ ഈരടികൾ എന്നറിയപ്പെടുന്ന മസ്നവി എ മഅനവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്. ദിവാൻ എ കബീർ എന്ന കൃതിയും പ്രശസ്തമാണ്.

മസ്നവി എന്ന് പരക്കെ അറിയപ്പെടുന്ന മസ്നവി എ മഅനവിയാണ് റൂമി കൃതികളിൽ ഏറ്റവും വിഖ്യാതം. ആത്മീയ ജ്ഞാന ഈരടികൾ എന്നാണ് പേരിന്റെ അർഥം. തന്റെ 54ആം വയസ്സിൽ ആരംഭിച്ച ഇതിന്റെ രചന മരണം വരെയും തുടർന്നിരുന്നു. 6 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതിയുടെ അവസാന ഭാഗം അപൂർണ്ണമാണ്. ഖുർആൻ, ഹദീസ്, ബൈബിൾ, ഇസോപ്പ് കഥകൾ,പഞ്ചതന്ത്രം, തുടങ്ങിയ വൈവിധ്യമാർന്ന ശ്രോതസ്സുകളിൽ നിന്നുമുള്ള കഥകളും സംഭവങ്ങളും സരോപദേശം നൽകനായി പുനർനിർമ്മിച്ചുകൊണ്ടുള്ള ഒരപൂർവ്വ ശൈലിയാണ് മസ്നവിയിൽ കാണുന്നത്. 50,000 വരികളുള്ള മസ്നവി എ മഅനവി, പേർഷ്യൻ, ഓട്ടൊമൻ സാഹിത്യത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന മസ്നവി പദ്യശൈലിയിലാണ്(മത്നവി, മെസ്നെവി എന്നിങ്ങനെയും അറീയപ്പെടുന്നു) രചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ 424 കഥകൾ ദൈവവുമായുള്ള ഐക്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ നിരന്തരമായ അന്വേഷണത്തെ വരച്ചുകാട്ടുന്നു. പേർഷ്യൻ സാഹിത്യത്തിലേയും സൂഫി സാഹിത്യത്തിലേയും ഏറ്റവും മികച്ചതും സ്വാധീനിക്കപ്പെട്ടതുമായ കാവ്യങ്ങളിൽ ഒന്നായി കണക്കാക്കുന്നു.

  ദീവാൻ എ ശംസ് എന്നും ദീവാൻ എ കബീർ എന്നും അറിയപ്പെടുന്ന ദീവാൻ എ ശംസ അതബരീസി എന്ന പേർഷ്യൻ മഹാകാവ്യമാണ് റൂമിയുടെ മറ്റൊരു പദ്യ കൃതി. ഗുരുവും സുഹൃത്തുമായ ശംസ് അതബരീസിയുടെ ബഹുമാനർഥം നാമകരണം ചെയ്യപ്പെട്ട ഈ കാവ്യം പക്ഷേ ഒരു സ്മരണിക കാവ്യമല്ല. 40000ലേറെ വരികളാണ് ഇതിലുള്ളത്.
ഫിഹി മാഫിഹി – റൂമിയുടെ 70 പ്രഭാഷണങ്ങളുടെ സമാഹാരം.വിവിധ കാലങ്ങളിലായി ചെയ്ത ഈ പ്രഭാഷണങ്ങൾ ക്രോഢീകരിച്ചത് ശിഷ്യന്മാരായിരുന്നെങ്കിലും അവയും റൂമി കൃതിയായി ഗണിക്കപ്പെട്ടുവരുന്നു.
സബഅ മജാലിസ് – ഏഴു പ്രഭാഷണങ്ങൾ. ഖുർ ആന്റെയും ഹദീസുകളുടെയും ആന്തിരിക ജഞാനം ഈ പ്രഭാഷണങ്ങളിലൂടെ റൂമി വെളിപ്പെടുത്തുന്നു.
മകാത്തീബ് – റൂമി തന്റെ ബന്ധുകൾക്കും, സുഹൃത്തുക്കൾക്കും ശിഷ്യ്ന്മാർക്കും ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥന്മാർക്കുമായി അയച്ചിരുന്ന കത്തുകളുടെ സമാഹാരമാണിത്.

റൂമിയുടെ പുത്രനായിരുന്ന സുൽത്താൻ വാ അലാദ്, റൂമിയുടെ ശിഷ്യരെ മൗലവികൾ‌ എന്ന സംഘമായി ഏകീകരിച്ചു. മൗലാനയുടെ ശിഷ്യർ എന്നാണ് മൗലവി എന്നതിനർത്ഥം. കറങ്ങുന്ന സൂഫികൾ (Whirling Dervishes) എന്നാണ് സാധാരണ ഇവർ അറീയപ്പെടുന്നത്. നെയ് (Ney) എന്ന തുർക്കി ഓടക്കുഴലിന്റെ സംഗീതത്തിനൊപ്പമുള്ള കറങ്ങിക്കൊണ്ടുള്ള നൃത്തം ഇവരുടെ ആരാധനയുടെ ഭാഗമാണ്.

റൂമി, അടിമത്തത്തേയും ബഹുഭാര്യത്വത്തേയ്യും എതിർത്തിരുന്നു. സ്ത്രീകൾക്ക് മത-സാമൂഹികജീവിതത്തിൽ ഉയർന്ന സ്ഥാനം കൽപ്പിച്ചു. സത്യത്തിന്റേയ്യും സൗന്ദര്യത്തിന്റേയും എല്ലാ രൂപങ്ങളേയും അവയുടെ ഉറവിടം നോക്കാതെ പിന്തുടരാനും സ്നേഹമുള്ളവരും പരസ്പരബഹുമാനമുള്ളവരും ദാനശീലരും ആയിരിക്കുന്നതിനും അദ്ദേഃഹം തന്റെ ശിഷ്യരെ പഠിപ്പിച്ചു.

റൂമിയുടെ ചിന്തകൾ, തികഞ്ഞ മതവിദ്വേഷിയായിരുന്ന തുർക്കി പ്രസിഡണ്ട്, കമാൽ അത്താത്തുർക്കിനെ വരെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്കപ്പാടിൽ മൗലവി ദൈവവീക്ഷണം, പരമ്പരാഗത അറബിദൈവവിശ്വാസത്തിന്റെ മൗലികചട്ടക്കൂടിൽ നിന്നും അയഞ്ഞതും തുർക്കികൾക്ക് ചേർന്നതുമാണെന്നതുമായിരുന്നു. എന്നിരുന്നാലും 1925-ൽ മൗലവികളുടേതടക്കമുള്ള സൂഫി ആശ്രമങ്ങൾ അടച്ചുപൂട്ടാൻ കമാൽ മടിച്ചില്ല. പിന്നീട് 1957-ലാണ് ചരിത്രപാരമ്പര്യം നിലനിർത്താൻ ഒരു സാംസ്കാരികസംഘടനയായി പ്രവർത്തിക്കാൻ മൗലവികൾക്ക് സർക്കാർ അനുവാദം നൽകിയത്.


https://en.wikipedia.org/wiki/Rumi